സമസ്ത ജില്ലാ സമ്മേളനം; പ്രമേയ വിവാദം മാധ്യമ സൃഷ്ടി : സമസ്ത
മലപ്പുറം: കഴിഞ്ഞ ദിവസം മലപ്പുറം ആലത്തൂർ പടിയിൽ വിജയകരമായി സമാപിച്ച സമസ്ത ജില്ലാ ഗോൾഡൻ ജൂബിലി സമ്മേളനം അംഗീകരിച്ച പ്രമേയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം ചില മാധ്യമ സ്ഥാപനങ്ങൾ ദുഷ്ടലാക്കോടെ മെനഞ്ഞുണ്ടാക്കിയ നികൃഷ്ടമായ കുതന്ത്രമാണെന്ന് സമസ്ത മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മതം, ആദർശം, സാമുദായികം, സാംസ്കാരികം, കാലികം എന്നീ പ്രധാന തലങ്ങളുമായി ബന്ധപ്പെട്ട അഞ്ചു പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്. സമ്മേളന പ്രമേയം സൂചിപ്പിച്ച് ഒരു ഓൺലൈൻ മാധ്യമം സമസ്ത പ്രസിഡണ്ടിന്റെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച ഡിസൈൻസ് മാറ്ററിൽ ആദർശവുമായി ബന്ധപ്പെട്ട ഒന്നാം പ്രമേയം പൂർണമായി ഒഴിവാക്കിയും സാമുദായിക മേഖലയുമായ ബന്ധപ്പെട്ട രണ്ടാം പ്രമേയത്തിന്റെ ആദ്യ സിംഹഭാഗവും വെട്ടി ഒഴിവാക്കയുമാണ് പ്രചരിപ്പിച്ചത്.
സാമൂഹിക മുന്നേറ്റത്തിന്റെ നാനാ തുറകളിൽ നിസ്തുലമായ സംഭാവനകളർപ്പിച്ച് കേരളീയ പൊതു സമൂഹത്തിന്റെ തന്നെ കലവറയില്ലാത്ത പിന്തുണ നേടി വിവാദങ്ങൾക്കിടം കൊടുക്കാതെ ഒരു നൂറ്റാണ്ടോളമായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ പഴുതു നോക്കുന്നവരുടെ രീതിയായി മാത്രമേ ഇത്തരം നീക്കങ്ങളെ കാണാനാകൂ. മാധ്യമ പ്രവർത്തനത്തിന്റെ നൈതികതയെ പോലും വെല്പുവിളിക്കുന്ന ഇത്തരം സമീപനങ്ങൾ ഒരു മാധ്യമസ്ഥാപനത്തിനും അഭിലഷണീയമല്ല. അദ്ദേഹം പ്രസ്താവനയിൽ തുടർന്നു.
……………………….
സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളുടെ പൂർണ രൂപം താഴെ ചേർക്കുന്നു.
പ്രമേയങ്ങൾ
…………………
1- വിശ്വാസികളുടെ ജീവിത ലക്ഷ്യം പരലോകജീവിത വിജയം മാത്രമായതിനാൽ, പ്രമാണങ്ങൾക്കും ഗവേഷണ യോഗ്യരുംസച്ചരിതരുമായ ആദ്യ കാല പണ്ഡിതന്മാരുടെ വീക്ഷണങ്ങൾ ഉൾക്കൊണ്ടു മാത്രം മത വിഷയങ്ങളിലും അനുബന്ധമായ ഭൗതിക വിഷയങ്ങളിലും നിലപാടെടുക്കണമെന്ന് മുഴുവൻ മുസ്ലിം മതസംഘടനകളോടും പരമ്പരാഗതവും സച്ചരിതരായ സലഫിന്റെ മാർഗവുമായ സമസ്ത കേരള ജംഇയ്യത്തുൽ ഉയർത്തി പിടിക്കുന്ന നിലപാടുകളെ പിന്തുടർന്ന് ഐഹിക – പാരത്രിക ജീവിത വിജയം ഉറപ്പു വരുത്താൻ പ്രതിജ്ഞാബദ്ധമാകണമെന്ന് മുസ്ലിം ബഹുജനങ്ങളോടും ഈ സമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെടുന്നു.
2- സമുദായ പുരോഗതിയുടെ നാനാ തുറകളിൽ അതുല്യവും അഭിമാനകരവുമായ നേട്ടങ്ങൾ ഉറപ്പു വരുത്തിയ കേരളത്തിലെ ഉലമ – ഉമറാ ബന്ധം ഊഷ്മളമായി നിലനിൽക്കേണ്ട കാര്യം ഈ സമ്മേളനം ഊന്നി പറയുകയും സമുദായ ശത്രുക്കൾ മുതലെടുപ്പ് നടത്തി ഛിദ്രതയുണ്ടാക്കുന്നതിനെ കുറിച്ച് സംഘടനാ പ്രവർത്തകരും മുസ്ലിം ബഹുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
3 – ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവൽക്കരിച്ചും താത്വികാദ്ധ്യാപനം നൽകുന്ന കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മത നിഷേധം കൂടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു.
4- കൊലപാതകങ്ങൾക്കും കലാപങ്ങൾക്കും കാരണമാകുന്ന വിധം വിവിധ മത വിശ്വാസികൾക്കിടയിൽ മുമ്പെങ്ങും ഇല്ലാത്തവിധം കേരളത്തിൽ നടക്കുന്ന ധ്രുവീകരണത്തിൽ ഈ സമ്മേളനം കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും നിയമം കൈയിലെടുക്കാനും നിരപരാധികളെ വകവരുത്താനും ഒരു മതവും അനുവദിക്കാതിരിന്നിട്ടും മതങ്ങളുടെ പേരിൽ സംഘർഷവും സായുധ നീക്കങ്ങളും നടത്തുന്നവരെ അതാത് മതവിശ്വാസികൾ തിരിച്ചറിയണമെന്ന് ഈ സമ്മേളനം പ്രമേയം മുഖേന ഉദ്ബോധിപ്പിക്കുന്നു.
5. വൈവാഹികജീവിതത്തിന് ശാരീരികവും വൈകാരികവുമായ പശ്ചാത്തലം അനിഷേധ്യമായി നിലനിൽക്കെ, വോട്ടവകാശമുള്ള പതിനെട്ട് വയസ്സ് പൂർത്തിയായിട്ടും ധാർമികമായി ജീവിത പങ്കാളിയെ സ്വീകരിക്കാൻ പാടില്ലെന്ന പാർലമെന്റെ സെലക്ട കമ്മിറ്റിക്ക് വിട്ട ബിൽ പൗരാവകാശ ലംഘനമാണെന്നും ഉന്നത വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നേടേണ്ടവർക്ക് അതിനും വൈവാഹികജീവിതം താല്പര്യപ്പെടുന്നവർക്ക് അതിനും സാധിക്കുന്ന വിധം പെൺകുട്ടികളുടെ വിവാഹപ്രായം നിലനിറുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഈ സമ്മേളനം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]