ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടെ കോളജ് അധ്യാപകന്‍ മുങ്ങി മരിച്ചു
മലപ്പുറം: ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടെ കോളജ് അധ്യാപകന്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ അമല്‍ കോളജിലെ കായികാധ്യാപകനും കണ്ണൂര്‍ ചാലാട് പള്ളിയാമൂല സ്വദേശിയുമായ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്.രാവിലെ എട്ട് മണിയോടെയാണ് അപകടം. ബന്ധുക്കള്‍ക്കൊപ്പം ചാലിയാര്‍ പുഴയുടെ മൈലാടി കടവില്‍ കുളിക്കുന്നതിനിടയിലാണ് നജീബ് അപകടത്തില്‍പ്പെട്ടത്. ഭാര്യയുടെ മാതൃ സഹോദരിയുടെ ഭര്‍ത്താവ് ഹുസൈന്‍, അവരുടെ പിതാവ് മുഹമ്മദ് കുട്ടി എന്നിവര്‍ക്കൊപ്പമാണ് നജീബ് കുളിക്കാനിറങ്ങിയത്.ഭാര്യയും കുട്ടികളുമടക്കമുള്ളവര്‍ പുഴക്കരയില്‍ എത്തിയിരുന്നെങ്കിലും പുഴയില്‍ ഇറങ്ങിയിരുന്നില്ല. കുളിക്കുന്നതിനിടെ ശരീരം തളര്‍ന്ന മുഹമ്മദ് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നജീബ് വെള്ളത്തില്‍ മുങ്ങിയത്. ഹുസൈനും മുഹമ്മദ് കുട്ടിയും ഒഴുക്കില്‍പ്പെട്ടെങ്കിലും സമീപത്ത് മീന്‍പിടിക്കുകയായിരുന്ന നിലമ്പൂര്‍ ചാരംകുളം സ്വദേശി ഷാജി രക്ഷപ്പെടുത്തുകയായിരുന്നു. അഗ്നിശമന സേനയും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയാണ് 9.20 ഓടെ നജീബിന്റെ മൃതദേഹം അപകടം നടന്ന കടവിന് സമീപത്തു നിന്ന് കണ്ടെടുത്തത്.
മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബെയ്സ് ബോള്‍ ടീം മാനേജറായ നജീബ് അസമില്‍ നടക്കുന്ന ദേശീയ ബെയ്സ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് യൂണിവേഴ്സിറ്റി ടീമിനൊപ്പം ഇന്ന് രാത്രി യാത്ര തിരിക്കാനിരിക്കെയാണ് അപകടത്തില്‍പ്പെട്ടത്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




