തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ചെമ്പരിക്ക ഖാസിയുടെ ഗതിയുണ്ടാകുമെന്നാണ് ഭീഷണി. പലഭാഗത്ത് നിന്നും ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നും എന്നാല്‍ അതുകൊണ്ടൊന്നും പിറകോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ആനക്കയത്ത് അഖില കേരള ഹിഫ്‌ള് കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യവെയാണ് മുത്തുക്കോയ തങ്ങള്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞത്.

ഒരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുമ്പോള്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാകും. ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ്ലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് പല വിവരമില്ലാത്തവരും വിളിച്ച് പറയുന്നുണ്ട്. അങ്ങനെ എന്തെങ്കിലും അനുഭവം എനിക്കുണ്ടായെങ്കില്‍ എന്നെക്കുറിച്ച് എഴുതുന്നവരെ പിടിച്ചാല്‍ മതിയെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

അത്തരം ഭീഷണികള്‍ കൊണ്ടൊന്നും പിറകോട്ട് പോകുന്ന ആളല്ല, താനെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ അതുകൊണ്ടൊന്നും പിറകോട്ട് പോകുന്ന ആളല്ല. ഞാന്‍ ധൈര്യത്തോട് കൂടി തന്നെ മുന്നോട്ടുപോകും. അങ്ങനെയാണ് മരണമെങ്കില്‍ ചെലപ്പോള്‍ അങ്ങിനെയാകും’ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിര്‍ന്ന നേതാവുമായിരുന്ന സിഎം അബദുല്ല മൗലവിയെ 2010 ഫെബ്രുവരിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദൂരൂഹസാഹചര്യത്തില്‍ ഖാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയും രംഗത്ത് വന്നിരുന്നു.

 

നേരത്തെ വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത സമര പരിപാടിക്കെതിരെ ജിഫ്രി തങ്ങള്‍ പരസ്യനിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ലീഗ് അണികള്‍ തങ്ങള്‍ക്കെതിരെ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു

 

Sharing is caring!