ആലപ്പുഴയില്‍ നടന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ കൊലക്കേസില്‍ മലപ്പുറത്തുകാരന്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ നടന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ കൊലക്കേസില്‍ മലപ്പുറത്തുകാരന്‍ അറസ്റ്റില്‍

ആലപ്പുഴ: ഷാന്‍ വധക്കേസില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരകന്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അനീഷ് (39) ആണ് അറസ്റ്റിലായത്. കേസില്‍ ഗുഢാലോചന നടത്തിയവര്‍ക്ക് ഒളിത്താവളം ഒരുക്കിയത് ആലുവ ജില്ലാ പ്രചാരകനായ അനീഷ് ആണ്. ആലുവ കാര്യാലയത്തിലാണ് ഒളിത്താവളം ഒരുക്കിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയവരില്‍ ഉന്നത ആര്‍എസ്എസ് ബന്ധവും അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഐപിഎസ് പറഞ്ഞിരുന്നു. ഷാന്‍ വധക്കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിന് കൃത്യമായ സൂചനകളും ചില തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഏതൊക്കെ തലത്തിലാണ് ഗൂഢാലോചന നടന്നതെന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഷാന്‍ വധത്തില്‍ പ്രധാന പ്രതികള്‍ പിടിയിലായിട്ടുണ്ട്. ഇവരില്‍ പ്രതികളും പ്രതികളെ സഹായിച്ചവരുമുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷമേ പറയാന്‍ സാധിക്കൂ. അന്വേഷണം ഏതറ്റം വരെയും വ്യാപിപ്പിക്കുമെന്നും കൊലപാതകത്തിനും ഗൂഢാലോചനയിലും പ്രതികള്‍ക്ക് സഹായം ചെയ്തവരെയും ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും എസ്പി വ്യക്തമാക്കി. രഞ്ജിത്ത് വധക്കേസില്‍ നിരവധി പേര്‍ കസ്റ്റഡിയിലുണ്ട്. അവരെ ചോദ്യം ചെയ്യുകയാണെന്നും ജില്ലാ പോലീസ് മേധാവി ജി ജയദേവ് പറഞ്ഞു.

അതേസമയം ഷാനിനെ കൊലപ്പെടുത്താന്‍ രണ്ടുമാസം മുമ്പേ ചേര്‍ത്തലയില്‍ വെച്ച് ആസൂത്രണം നടന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയുടെ കൊലപാതകത്തിനു പിന്നാലെയാണ് ഷാനിനെ വധിക്കാന്‍ പദ്ധതിയിട്ടത്. ഇതിനായി ആര്‍എസ്എസ് നേതാക്കളുടെ അറിവോടെ രഹസ്യയോഗം ചേര്‍ന്ന് ഏഴംഗ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 18 ന് മണ്ണഞ്ചേരിയില്‍ വെച്ചായിരുന്നു കെ എസ് ഷാനിനെ കൊലപ്പെടുത്തിയത്.

Sharing is caring!