അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശംവെക്കുന്ന മിച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ 10 ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി

അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശംവെക്കുന്ന മിച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ 10 ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഭൂപരിഷ്‌ക്കരണം നിയമം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ 10 ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി. കൂടുതല്‍ സാവകാശം തേടി താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തള്ളിയാണ് ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജസ്റ്റിസ് രാജ വിജയരാഘവന്‍ ഇടക്കാല ഉത്തരവ് നല്‍കിയത്.
പി.വി അന്‍വര്‍ എം.എല്‍.എയുടെയും കുടുംബത്തിന്റെയും അധികഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന കഴിഞ്ഞ മാര്‍ച്ച് 24ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജിയുടെ കോടതി അലക്ഷ്യ ഹരജിയിലാണ് നടപടി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് എം.എല്‍.എയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ സര്‍വേ നമ്പറും വിസ്തീര്‍ണവും കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിന് കൂടുതല്‍ സമയംവേണമെന്നാണ് താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനായ കോഴിക്കേട് എല്‍.എ ഡെപ്യൂട്ടികളക്ടര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പി.വി അന്‍വര്‍ എം.എല്‍.എ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്നും മത്സരിച്ചപ്പോള്‍ 226.82 എക്കര്‍ഭൂമി കൈവശം വെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ളതാണെന്നും പരാതിക്കാരന്റെ അഭിഭാഷകന്‍ പിയൂസ് എ കൊറ്റം കോടതിയെ അറിയിച്ചു. ഇതോടെയാണ് ലാന്റ് ബോര്‍ഡ് ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് വിലയിരുത്തിയ കോടതി പി.വി അന്‍വര്‍ എം.എല്‍.എയുടെ അധികഭൂമി പിടിച്ചെടുക്കാനുള്ള നടപടി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഉത്തരവ് നല്‍കിയത്.
മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഭൂപരിഷ്‌ക്കരണ നിയമം 1963 87 (1) പ്രകാരം അന്‍വറിനതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവു നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവിറങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എം.എല്‍.എക്കെതിരെ കേസെടുത്തിരുന്നില്ല.

Sharing is caring!