മലപ്പുറത്ത് വര്‍ണച്ചിത്രങ്ങളായി ചുമരില്‍ ഇരിപ്പുറപ്പിച്ച് മലമുഴക്കി വേഴാമ്പലും മയിലും ബുള്‍ബുള്ളും

മലപ്പുറത്ത് വര്‍ണച്ചിത്രങ്ങളായി ചുമരില്‍ ഇരിപ്പുറപ്പിച്ച് മലമുഴക്കി വേഴാമ്പലും മയിലും ബുള്‍ബുള്ളും

മലപ്പുറം: വര്‍ണച്ചിത്രങ്ങളായി ചുമരില്‍ ഇരിപ്പുറപ്പിച്ച് മലമുഴക്കി വേഴാമ്പലും മയിലും ബുള്‍ബുള്ളും. ചുവടെ ശാസ്ത്രീയ വിവരങ്ങളും. വെങ്ങാട് ടിആര്‍കെ എയുപി സ്‌കൂള്‍ ചുമരില്‍ ചിറകുവിരിച്ച് ‘കേരളത്തിലെ പക്ഷികള്‍’. വിദ്യാര്‍ഥികളില്‍ പ്രകൃതിപഠനവും പക്ഷി നിരീക്ഷണവും പ്രോത്സാഹിപ്പിക്കാന്‍ ഇന്ദുചൂഡന്റെ ‘കേരളത്തിലെ പക്ഷികള്‍’ ഗ്രന്ഥത്തെ 70 ചുമര്‍ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തുകയാണ് അധ്യാപകര്‍. സലിം അലി ദിനത്തില്‍ പക്ഷികളെക്കുറിച്ച് കുട്ടികളുമായി സംവദിച്ചപ്പോഴാണ് ഈ ആശയം ഉടലെടുക്കുന്നത്. പലര്‍ക്കും പക്ഷികളിലെ സ്വദേശികളെയും വിദേശികളെയും അറിയില്ല. കാക്കയെ നിരീക്ഷിക്കാനുള്ള പ്രവര്‍ത്തനം നല്‍കിയപ്പോള്‍ വിദ്യാര്‍ഥികള്‍ ആവേശത്തോടെ പങ്കുചേര്‍ന്നു. അതു പിന്നീട് ചുമര്‍ ചിത്രങ്ങളിലൂടെ പക്ഷികളെയും പ്രകൃതിയെയും പരിചയപ്പെടുത്താമെന്ന ആശയത്തിലെത്തുകയായിരുന്നെന്ന് പ്രധാനാധ്യാപകന്‍ പി കെ സുഭാഷ് പറഞ്ഞു.
ഈ വര്‍ഷം സര്‍വീസില്‍നിന്ന് വിരമിക്കുന്ന എസ് ഗോപിമോഹനന്‍, കെ കെ ആശകുമാരി, കെ ശ്രീലത എന്നീ അധ്യാപകരാണ് പദ്ധതിക്കാവശ്യമായ തുക നല്‍കിയത്. ആര്‍ടിസ്റ്റ് സി പി മോഹനന്റെ നേതൃത്വത്തില്‍ ചിത്രങ്ങള്‍ ഒരുങ്ങി. പദ്ധതിയുടെ ഉദ്ഘാടനം വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീര്‍ വ്യാഴാഴ്ച പകല്‍ 11ന് നിര്‍വഹിക്കുമെന്ന് പി കെ സുഭാഷ്, എസ് ഗോപിമോഹനന്‍, ഇ ശ്രീജിത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Sharing is caring!