സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് മലപ്പുറം ജില്ല ഒരുങ്ങുന്നു

സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക്  മലപ്പുറം ജില്ല ഒരുങ്ങുന്നു

സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ ജില്ലയില്‍ നടക്കുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. സംഘാടകസമിതി രൂപീകരണത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഒരു ഗ്രൂപ്പ് മത്സരങ്ങളായിരിക്കും കോട്ടപ്പടി സ്്റ്റേഡിയത്തില്‍ നടക്കുക. സെമി, ഫൈനല്‍ മത്സരങ്ങള്‍ പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയം മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ ചാമ്പ്യന്‍ഷിപ്പിന് നിശ്ചയിച്ചിരുന്നത്. എ.ഐ.എഫ്.എഫ് പ്രതിനിധികളായ കുശാല്‍ ദാസ് (ജനറല്‍ സെക്രട്ടറി, എ.ഐ.എഫ്.എഫ്), അഭിഷേക് യാഥവ് (ഡപ്യൂട്ടി സെക്രട്ടറി), സി.കെ.പി. ഷാനവാസ് തുടങ്ങിയവര്‍  കോട്ടപ്പടി സ്റ്റേഡിയം സന്ദര്‍ശിച്ച് സ്റ്റേഡിയത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി. സ്റ്റേഡിയത്തിലെ മറ്റുകാര്യങ്ങളില്‍ തൃപ്തി അറിയിച്ച എഐ.എഫ്.എഫ് പ്രതിനിധികള്‍ 35 ദിവസത്തിനുള്ള ടര്‍ഫിന്റെ നിലവാരം മെച്ചപ്പെടുത്തണമെന്ന് അറിയിച്ചു.

10 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ 23 മത്സരങ്ങള്‍ ഉണ്ടാവും. അഞ്ച് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പില്‍ ഓരോ ടീമിനും ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങളുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും. സന്തോഷ് ട്രോഫി ഫുട്ബോളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പരിശീലനത്തിന് ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങള്‍ ഒരുക്കും.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം. കളിക്കാരുടെ താമസം, പരിശീലനം, യാത്ര എന്നിവ ബയോബബിള്‍ സംവിധാനത്തിലായിരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും താമസസൗകര്യം ഒരുക്കും. സ്റ്റേഡിയവുമായി ബന്ധപ്പെട്ട പ്രവൃത്തികളും സ്റ്റേഡിയത്തിലേക്കുള്ള റോഡിന്റെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു.
സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് പുറമേ വിവിധ ചാമ്പ്യന്‍ഷിപ്പുകള്‍ കേരളത്തിലേക്ക് എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. എ.ഐ.എഫ്.എഫ്മായി 2030 വരെയുള്ള നീണ്ട കരാറാണ് ഒപ്പിടാന്‍ പോകുന്നത്. അതില്‍ എ.ഐ.എഫ്എഫ്‌ന്റെ സഹകരണത്തോടെ ഗ്രാസ് റൂട്ട് ലെവല്‍ ഡവലപ്മെന്റ്, ദേശീയ ജൂനിയര്‍ ടീമിന്റെ പരിശീലനം, റഫറി, പരിശീലകരുടെ ട്രെയിനിങ് പ്രോഗ്രാം, ഐ.എസ്.എല്‍, ഐ ലീഗ് ടീമുകളെ അണിനിരത്തി സൂപ്പര്‍ കപ്പ്, ബീച്ച് ഗെയിസ്, തുടങ്ങിയ പരിപാടികള്‍ക്ക് കേരളം വേദിയാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ജനങ്ങളുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാര്‍ ഫുട്‌ബോള്‍ ഉള്‍പ്പടെയുള്ള കായികവിനോദങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും സഹായവും നല്‍കുന്നുണ്ട്. 2030 ആകുമ്പോഴെക്കും ഫുട്‌ബോള്‍ രംഗത്ത് ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് എംഒയു ഒപ്പുവച്ചിട്ടുണ്ട്. സ്‌കൂള്‍ തലങ്ങളില്‍ ഫുട്‌ബോള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കും. ഇതിനായി മുന്‍നിര ഫുട്‌ബോള്‍ താരങ്ങളുടെ സഹായം തേടും.

കോഴിക്കോട് അന്തരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയം സ്ഥാപിക്കും. ഇന്ത്യയിലെ പ്രധാന ഫുട്‌ബോള്‍ ക്ലബുകളെ പങ്കെടുപ്പിച്ച് സൂപ്പര്‍ കപ്പ് എന്ന പേരില്‍ ഫുട്‌ബോള്‍ മത്സരം നടത്തുന്നതിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. തീരദേശ മേഖലയില്‍ ഫുട്‌ബോളിന് ജനകീയവത്ക്കരിക്കുന്നതിനും കഴിവുള്ള താരങ്ങളെ കണ്ടെത്തുന്നതിനും തീരദേശ മേഖലയുള്ള എല്ലാ ജില്ലകളിലും ബീച്ച് ഫുട്‌ബോള്‍ നടത്തും. സംസ്ഥാനത്ത് ഫുട്‌ബോള്‍ താരങ്ങള്‍ക്കും റഫറിമാര്‍ക്കും പരിശീലകര്‍ക്കും എഐഎഫ്എഫുമായി സഹകരിച്ച് മികച്ച പരിശീലനം നല്‍കും. കോച്ചിങ്ങ് ലൈസന്‍സുകള്‍ ലഭിക്കാന്‍ പരിശീലകരെ പ്രാപ്തരാക്കുന്നതാകും ഈ ക്ലാസുകള്‍. ദേശീയ പരിശീലകരുടെ സേവനം ഉള്‍പ്പെടെ ഈ ക്ലാസുകളില്‍ എഐഎഫ്എഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫുട്‌ബോള്‍ താരങ്ങളുടെ അനുഭവ സമ്പത്തും കഴിവും വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ മത്സരങ്ങള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കും.

ഫുട്‌ബോളിനെ നെഞ്ചേറ്റുന്നവരാണ് മലപ്പുറത്തുകാര്‍. സന്തോഷ്‌ട്രോഫി കുറ്റമറ്റരീതിയില്‍ നടത്തുന്നതിനും വിജയിപ്പിക്കുന്നതിനും പൊതുജനങ്ങളുടെയും കായികപ്രേമികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൂര്‍ണപിന്തുണയുണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  എം.എല്‍.എമാരായ യു.എ. ലത്തീഫ്, പി. നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, നഗരസഭ അധ്യക്ഷന്‍മാരായ വി.എം. സുബൈദ, സലീം മാട്ടുമ്മല്‍, മുജീബ് കാടേരി, മുന്‍. എംഎല്‍എ ഇസ്ഹാക് കുരിക്കള്‍, ഡയറക്ടര്‍ കെ.എസ്. ബിന്ദു, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സി കുട്ടന്‍, വൈ. പ്രസിഡന്റ് ഒ.കെ. വിനീഷ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീകുമാര്‍, വൈ. പ്രസിഡന്റ്  വി.പി. അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്റൂഫ്, ഡി.വൈ.എസ്.പിപി.എം. പ്രദീപ്, കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. അഷ്റഫ്, വൈ. പ്രസിഡന്റ് അബ്ദുല്‍ കരീം,  കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന്‍, സെക്രട്ടറി പി.എം. സുധീര്‍, ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളായ ഷറഫലി, ആസിഫ് സഹീര്‍ മറ്റു ജനപ്രധിനിധികള്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രധിനിധികള്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍, ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍, കായിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംഘാടക സമിതി അംഗങ്ങള്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യരക്ഷാധികാരിയും നിയമസഭാസ്പീക്കര്‍  സംസ്ഥാനത്തെ എല്ലാ മന്ത്രിമാര്‍, എ.ഐ.എഫ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.എം.ഐ.മേത്തര്‍, ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി മാധവന്‍കുട്ടി വാരിയര്‍ എന്നിവര്‍ രക്ഷാധികാരികളും കായിക വകുപ്പ്് മന്ത്രി വി. അബ്ദുറഹിമാന്‍ ചെയര്‍മാനും ജില്ലയിലെ എല്ലാ എംപി.മാരും വൈസ് ചെയര്‍മാന്‍, യു.എ ലത്തീഫ് എം.എല്‍.എ വര്‍ക്കിങ് ചെയര്‍മാന്‍, ജില്ലയിലെ എല്ലാ എം.എല്‍.എമാരും വൈസ് ചെയര്‍മാന്‍, ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ജനറല്‍ കണ്‍വീനര്‍, എസ്.സുജിത്ത് ദാസ് ജോ. ജനറല്‍ കണ്‍വീനര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ.ശ്രീകുമാര്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. പി.അഷ്റഫ് എന്നിവര്‍ കണ്‍വീനര്‍മാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈ.പ്രസിഡന്റ് വി.പി.അനില്‍കുമാര്‍, സെക്രട്ടറി എച്ച്.പി അബ്ദുള്‍മഅറൂഫ്,  ആഷിഖ് കൈനികര, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ.പി.എം.സുധീര്‍കുമാര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരാണ്.

റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.ബീന ജോസഫ്, കണ്‍വീനര്‍ കെ.മനോഹരകുമാര്‍, ഗ്രൗണ്ട്  ആന്‍ഡ് എക്യൂപ്മെന്റ്കമ്മിറ്റി ചെയര്‍മാന്‍ എസ്.മുരളീധരന്‍ (വൈസ്പ്രസിഡന്റ് ബാഡ്മിന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ) കണ്‍വീനര്‍ കെ.പി അജയരാജ് (മഞ്ചേരി, ജി,ബി.എച്ച്.എസ്.എസ്) എന്നിവരാണ് അംഗങ്ങള്‍. ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു മീഡിയ കമ്മിറ്റി ചെയര്‍മാനും വൈസ് ചെയര്‍മാന്‍മാര്‍ അസൈന്‍ കാരാട്, മലപ്പുറം ജില്ലാ പ്രസ്‌ക്ലബ് സെക്രട്ടറി കെ.പി. മുഹമ്മദ് റിയാസ്  പ്രസിഡന്റും കണ്‍വീനര്‍  ശശി (മഞ്ചേരി പ്രസ് ക്ലബ്), ജോ.കണ്‍വീനര്‍ സമീന ടീച്ചര്‍, വാര്‍ഡ് കൗണ്‍സിലര്‍, കെ.കെ ഷമിന്‍, കെ.കെ സജിത്. (ഖൊ ഖൊ അസോസിയേഷന്‍), ജാസ് എടവണ്ണ, ഷെമിന്‍ കെ. ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.സക്കീര്‍ ഹുസൈന്‍ (ഡയറക്ടര്‍ കായികവിഭാഗം,കാലിക്കറ്റ് യൂ.സിറ്റി), കണ്‍വീനര്‍ മുഹമ്മദ് സലിം (കേരള ഫുട്ബോള്‍ അസോസിയേഷന്‍), ഫുഡ് & റിഫ്രഷ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ചേരി സ്ഥിരം സമിതി ചെയര്‍പേര്‍സണ്‍ വിഎം സുബൈദ, കണ്‍വീനര്‍  കെ.എ.നാസര്‍ (എക്സി.മെമ്പര്‍,ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍), പബ്ലിസിറ്റി കമ്മിറ്റി സ്പോണ്‍സര്‍ഷിപ്പ് ചെയര്‍മാന്‍  പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി സി.സക്കീന (മഞ്ചേരി നഗരസഭ). അക്കൊമൊഡേഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജസീനാബി (ചെയര്‍മാന്‍, വെല്‍ഫയര്‍ സ്ഥിരം സമിതി) കണ്‍വീനര്‍  ജലീല്‍ മയൂര (ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍), മെഡിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.രേണുക (ജില്ലാ മെഡിക്കല്‍ ഓഫീസര്‍), കണ്‍വീനര്‍ ഡോ. എം.എസ്. രാമകൃഷ്ണന്‍, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍മാന്‍ കൊണ്ടോട്ടി  നഗരസഭ ചെയര്‍പേഴ്‌സണ്‍   ഫാത്തിമത്ത് സുബൈദ, കണ്‍വീനര്‍ ഹരി ഗുരുക്കള്‍(ജില്ല കളരിപ്പയറ്റ് അസോസിയേഷന്‍), ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി. ഷാജി ചെയര്‍മാന്‍ (പെരിന്തല്‍മണ്ണ നഗരസഭ), ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ.എ. നാസര്‍ കണ്‍വീനറും,  വാളന്റിയര്‍ കമ്മിറ്റി  ഗ്രൗണ്ട് കണ്‍ട്രോള്‍ ചെയര്‍മാന്‍ നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, കണ്‍വീനര്‍ സാദിഖ് ( എസ്.പി. ഓഫീസ്) എന്നിവര്‍ അംഗങ്ങളാണ്.

Sharing is caring!