ന്യൂനപക്ഷ ശാക്തീകരണം രാജ്യത്തിന്റെ വികസനത്തിന്റെ അടയാളം – വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ

ന്യൂനപക്ഷ ശാക്തീകരണം രാജ്യത്തിന്റെ വികസനത്തിന്റെ അടയാളം – വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ

ന്യൂനപക്ഷങ്ങളുടെ ശാക്തീകരണവും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതും രാജ്യത്തിന്റെ വികസനത്തിന്റെ അടയാളമാണെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിലുള്ള വേങ്ങര ന്യൂനപക്ഷ പരിശീലന കേന്ദ്രം മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച ജില്ലാതല ന്യൂനപക്ഷദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണഘടന മുതല്‍ ഐക്യരാഷ്ട്രസഭയുടെ 1992ലെ ന്യൂനപക്ഷ അവകാശ പ്രഖ്യാപനം വരെ മേല്‍ ആശയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ വേട്ട നടക്കുമ്പോള്‍ സമൂഹം ഒത്തൊരുമയോടെ അവരുടെ അവകാശങ്ങളും പാരസ്പര്യവും സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.

മഅ്ദിന്‍ ഇന്റര്‍നാഷണല്‍ അക്കാദമി ഡയറക്ടര്‍ ഉമര്‍ മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. എ ബി മൊയ്തീന്‍ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബ്ദുല്‍ ഹഖീം, റവ. ഫാദര്‍ വിക്ടര്‍. ജെ പെരിന്തല്‍മണ്ണ, പ്രൊഫ. പി. മമ്മദ് (പ്രിന്‍സിപ്പാള്‍, ന്യൂനപക്ഷ പരിശീലന കേന്ദ്രം, വേങ്ങര), പ്രൊഫ. കെ.പി ഹസ്സന്‍ (പ്രിന്‍സിപ്പാള്‍, സി.സി.എം.വൈ വളാഞ്ചേരി), റജീന. പി (പ്രിന്‍സിപ്പാള്‍, സി.സി.എം.വൈ പെരിന്തല്‍മണ്ണ), മുനീറ കെ (പ്രിന്‍സിപ്പാള്‍, സി.സി.എം.വൈ ആലത്തിയൂര്‍, ലത്തീഫ് പുവ്വത്തിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!