യുവതിയുടെ മരണം : ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

യുവതിയുടെ മരണം : ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

മഞ്ചേരി : യുവതിയുടെ മരണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. വാഴക്കാട് ചെറുവട്ടൂര്‍ കീരിയത്ത് പുറായി ഡാനിഷ് അഹമ്മദ് (36)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്. 2005 ഫെബ്രുവരി 24നായിരുന്നു ഡാനിഷ് അഹമ്മദും കല്ലായി തിരുവണ്ണൂര്‍ പുഞ്ചിരിവീട്ടില്‍ ഫെബിന്‍ (35) ഉം തമ്മിലുള്ള വിവാഹം. വാഴക്കാടും കോരാപ്പാടത്തും വാടക വീടുകളില്‍ താമസിച്ചു വരവെ ഭാര്യയെ ഡാനിഷ് അഹമ്മദ് പലതവണ മാനസിക ശാരീരിക പീഡനങ്ങള്‍ വിധേയയാക്കിയതായി യുവതിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഭാര്യക്ക് ഫോണിലൂടെ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജനുവരി 18ന് ഫെബിന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഫെബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് നിര്‍ബ്ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് വാങ്ങി ഫെബിനെ വീട്ടില്‍ കൊണ്ടുവന്ന ഡാനിഷ് അഹമ്മദ് തുടര്‍ന്ന് നാട്ടുവൈദ്യന്റെ പച്ചമരുന്ന് നല്‍കിയാണ് ചികിത്സിച്ചത്. ഇതോടെ അണുബാധയുണ്ടാകുകയും അബോധാവസ്ഥയിലായ ഫെബിനെ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ ഫലിക്കാതെ മാര്‍ച്ച് 9ന് ഫെബിന്‍ മരണപ്പെട്ടു. വാഴക്കാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Sharing is caring!