പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് ഓംബുഡ്സ്മാന്‍

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് ഓംബുഡ്സ്മാന്‍

മലപ്പുറം: റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ അടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍.
അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ ജനുവരി 25ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. അനധികൃതനിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യാനാണ് സെപ്തംബര്‍ 22ന് ഓംബുഡ്സ്മാന്‍ ഉത്തരവ് നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് പിഴ ചുമത്തുമെന്ന മുന്നറിയിപ്പ്. ഓംബുഡ്സ്മാന്‍ ഉത്തരവ് ലഭിക്കാന്‍ കാലതാമസമുണ്ടായെന്നും സി.കെ അബ്ദുല്‍ലത്തീഫിന് അയച്ച രണ്ടു നോട്ടീസും മേല്‍വിലാസക്കാരനില്ലെന്നു പറഞ്ഞ് മടങ്ങിയെന്നും മൂന്നാമത്തെ നോട്ടീസ് ഇക്കഴിഞ്ഞ 26ന് കൈപ്പറ്റിയെന്നും സെക്രട്ടറി അറിയിച്ചു. പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ റോപ് വെ പൊളിക്കുന്നതിന് മൂന്നുമാസത്തെ സാവകാശം തേടി. എന്നാല്‍ ഉത്തരവ് നടപ്പാക്കുന്നതിന് പെരുമാറ്റചട്ടം ബാധകമല്ലെന്ന് ഓംബുഡ്സ്മാന്‍ വ്യക്തമാക്കുകയായിരുന്നു.
റോപ് വെ പൊളിക്കാതിരിക്കാന്‍ പഞ്ചായത്ത് ഒത്തുകളിക്കുകയാണെന്ന് പരാതിക്കാരന്‍ എം.പി വിനോദ് അറിയിച്ചു. 2017ല്‍ നല്‍കിയ പരാതിയില്‍ അനധികൃത നിര്‍മ്മാണമെന്നു കണ്ടെത്തി പൊളിച്ചുനീക്കാന്‍ നോട്ടീസ് നല്‍കിയിട്ടും നാലു വര്‍ഷമായി റോപ് വെ പൊളിക്കാതെ സംരക്ഷിക്കുകയാണെന്നും വ്യക്തമാക്കി. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നും റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാന്‍ പെര്‍മിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വേ നിര്‍മ്മിച്ചത്. പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും മന്ത്രിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതിരുന്നതോടെയാണ് പരാതിക്കാരന്‍ ഓംബുഡ്സ്മാനെ സമീപിച്ചത്.

Sharing is caring!