പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായ 50 ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പ്;   ഡിസംബര്‍ 31ന് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ക്രൈം ബ്രാഞ്ച്

പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായ 50 ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പ്;   ഡിസംബര്‍ 31ന് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ക്രൈം ബ്രാഞ്ച്

മഞ്ചേരി: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി അന്‍വര്‍ എം.എല്‍.എ പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയ കേസില്‍ ഡിസംബര്‍ 31ന് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പി. വിക്രമന്‍  മഞ്ചേരി ചീഫ് ജുഡഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. ക്രഷര്‍ സ്ഥിതിചെയ്യുന്ന മംഗലാപുരം ബല്‍ത്തങ്ങാടിയില്‍ പോയുള്ള അന്വേഷണം ഇതിനകം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കിയിട്ടും പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി നേരിട്ട് ഹാജരാകണമെന്ന് മഞ്ചേരി ചീഫ് ജുഡഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. രശ്മി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഡി.വൈ.എസ്.പി  ഹാജരായത്.
ദുബായില്‍ നിന്നെത്തിയ പരാതിക്കാരന്‍ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമും കോടതിയില്‍ എത്തിയിരുന്നു.
ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നാരോപിച്ച് പരാതിക്കാരന്‍ നടുത്തൊടി സലീം   സമര്‍പ്പിച്ച ഹരജിയില്‍ കഴിഞ്ഞ ആഗസ്റ്റ് 11നാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കിയത്.   എല്ലാ രണ്ടാഴ്ചയും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കര്‍ണാടകയില്‍പോയി അന്വേഷണം നടത്താന്‍ കോവിഡ് നിയന്ത്രണങ്ങള്‍ തടസമാണെന്നും നിയന്ത്രണങ്ങളില്‍ ഇളവുവരുന്ന മുറക്ക് അന്വേഷണം നടത്തുമെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ ആദ്യ റിപ്പോര്‍ട്ട്.
എന്നാല്‍ ഒരു വര്‍ഷം മുമ്പ് 2020 ഏപ്രിലില്‍ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി, ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കര്‍ണാടകയില്‍പോയി രേഖകളും തെളിവുകളും ശേഖരിച്ചതായും അവ ഇംഗ്ലീഷിലേക്ക്് മൊഴിമാറ്റിയതായും വ്യക്തമാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സലീമിന്റെ അഭിഭാഷകന്‍ ഹാജരാക്കിയതോടെ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളിയ കോടതി   സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു.  നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറിയാണ് ക്രൈം ബ്രാഞ്ച് ഹാജരാക്കിയത്. ഹൈക്കോടതി തള്ളിയ പോലീസ് അന്വേഷണ റിപ്പോര്‍ട്ടിനു പകരം ക്രൈം ബ്രാഞ്ചിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി കര്‍ക്കശ നിര്‍ദ്ദേശം നല്‍കി.  ഇതോടെ പി.വി അന്‍വര്‍ എം.എല്‍.എ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി കാണിച്ച് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പി വിക്രമന്‍ സെപ്തംബര്‍ 30തിന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മംഗലാപുരം ബല്‍ത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷര്‍ പി.വി അന്‍വറിന് വില്‍പന നടത്തിയ കാസര്‍ഗോട്ട് സ്വദേശി കെ. ഇബ്രാഹിമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്.

Sharing is caring!