പാര്‍ട്ടിവിട്ട ലീഗ് പ്രവര്‍ത്തകനെ 24 മണിക്കൂറിനകം തിരികെയെത്തിച്ച് മുസ്ലീംലീഗ്

പാര്‍ട്ടിവിട്ട ലീഗ് പ്രവര്‍ത്തകനെ 24 മണിക്കൂറിനകം തിരികെയെത്തിച്ച് മുസ്ലീംലീഗ്

മലപ്പുറം: നേതൃത്വവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടിവിട്ട പ്രവര്‍ത്തകനെ 24 മണിക്കൂറിനകം തിരികെയെത്തിച്ചു മുസ്ലീം ലീഗ്. യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം ജാഫര്‍ പനയത്താണ് കഴിഞ്ഞദിവസം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. സിപിഎം താനൂര്‍ ഏരിയാ സമ്മേളനത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്ന ജാഫര്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മണിക്കൂറുകള്‍ക്കകം പാര്‍ട്ടിയിലേക്ക് ജാഫറിനെ ലീഗ് തിരികെയെത്തിച്ചത്. പ്രദേശിക നേതാവിന്റെ കൂടുമാറ്റം മുസ്ലീം ലീഗിനെ ക്ഷീണിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് പ്രവര്‍ത്തകനെ തിരികെയെത്തിക്കാനുള്ള നീക്കം ആരംഭിച്ചത്.

മലപ്പുറം ജില്ലാ യൂത്ത് ലീഗ് ഭാരവാഹിത്വം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത് ലഭിക്കാതെ വന്നതോടെയാണ് പാര്‍ട്ടിവിടാന്‍ ജാഫറിനെ പ്രേരിപ്പിച്ചത്. ജാഫറിനെ ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കണമെന്ന് ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിക്കാന്‍ രണ്ടുപേരെ ഏര്‍പ്പെടുത്തിയതിനിടെ താനൂരിലെ സിപിഎം പ്രാദേശിക നേതാക്കളുമായി ജാഫര്‍ ചര്‍ച്ച നടത്തുകയായിരുന്നു. അര്‍ഹമായ പരിഗണന നല്‍കുമെന്ന് സിപിഎം അറിയിച്ചതോടെ ലീഗ് വിടാന്‍ ജാഫര്‍ പനയത്ത് തീരുമാനിച്ചു.

കഴിഞ്ഞ ദിവസം നടന്ന താനൂര്‍ ഏരിയാ സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റി അംഗം പി കെ സൈനബയാണ് രക്തഹാരമണിയിച്ച് ജാഫറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. പ്രവര്‍ത്തകന്റെ കൂടുമാറ്റം സമൂഹ മാധ്യമങ്ങളിലും വൈറലായതോടെ ലീഗിനു വലിയ നാണക്കേടായി. തുടര്‍ന്നു നടത്തിയ ഇടപെടലിലാണ് ജാഫറുമായി ചര്‍ച്ച നടത്തി, പ്രവര്‍ത്തകനെ ഉടന്‍ തന്നെ തിരികെയെത്തിച്ച് ലീഗ് നേതൃത്വം നാണക്കേട് ഒഴിവാക്കിയത്. ജാഫറിന്റെ ബന്ധുക്കളുമായും ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിയിലെത്തിയ പ്രവര്‍ത്തകന്‍ തിരികെ ലീഗിലേക്ക് മടങ്ങിയതു സിപിഎമ്മിനും നാണക്കേടായി.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ജാഫറിനെ സ്വീകരിച്ചു. പാര്‍ട്ടിവിട്ട പ്രാദേശിക നേതാവിനെ തിരിച്ചെത്തിക്കാന്‍ പ്രയത്‌നിച്ച നേതൃത്വത്തെ ജില്ലാ നേതൃത്വം അഭിനന്ദിച്ചു. അതിനിടെ വര്‍ഷങ്ങളായി ലീഗില്‍ പ്രവര്‍ത്തിച്ച് സ്ഥാനം ലഭിച്ചപ്പോള്‍ മറുകണ്ടം ചാടിയ ജാഫറിനെ പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടുവന്നതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയെന്നാണ് സൂചന. പ്രവര്‍ത്തകരെ മറുകണ്ടം ചാടിക്കുന്നതിനു തടയിടാന്‍ പ്രാദേശിക നേതൃത്വം ജാഗ്രത പുലര്‍ത്തണമെന്ന് ലീഗ് നിര്‍ദേശം നല്‍കി.

 

 

Sharing is caring!