പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിക്ക് അനുവദിച്ച 12 കോടി രൂപ എവിടെ പോയി ?

പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിക്ക് അനുവദിച്ച 12 കോടി രൂപ എവിടെ പോയി ?

മലപ്പുറം: അട്ടപ്പാടി ആദിവസികളുടെ ആരോഗ്യ വികസനത്തിനു സര്‍ക്കാര്‍ പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിക്ക് അനുവദിച്ച 12 കോടി രൂപ എവിടെ പോയി?. വീണ്ടും ആറു കോടി രൂപ അനുവദിക്കാനുള്ള നീക്കത്തിനെതിരെ ആദിവാസികളുടെ പ്രതിഷേധം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇടത് പാര്‍ട്ടിയുടെ സഹകരണ ആശുപത്രി പട്ടിണിപാവങ്ങളുടെ ഫണ്ട് കയ്യിട്ട് വാരുന്നത് അവസാനിപ്പിക്കണമെന്ന് പരാതി.
അട്ടപ്പാടി ആരോഗ്യ വികസനത്തിനു സര്‍ക്കാര്‍ ഇ.എം.എസ്. ആശുപത്രിക്ക് അനുവദിച്ച 12 കോടി രൂപ എവിടെ പോയെന്ന ആരോപണവുമായി അഗളിയിലെ അട്ടപ്പാടി യുവജന കൂട്ടായ്മയും ഊരുകാരും രംഗത്ത്.
അട്ടപ്പാടിയില്‍ ഇപ്പോഴും ശിശു മരണം കൂടുകയാണെന്നും, ഇതിനെ മറിക്കാനും ആദിവാസികള്‍ക്ക് മതിയായ ചികിത്സ നല്‍കാനുമാണ് സര്‍ക്കാര്‍ പെരിന്തല്‍മന്ന ഇ.എം.എസ്. ആശുപത്രിക്ക് 12 കോടി രൂപ അനുവദിച്ചിരുന്നത്. എന്നാല്‍ ഈ ഫണ്ട് വിനിയോഗത്തില്‍ തട്ടിപ്പുനടന്നിട്ടുണ്ടെന്നും ഇതിലെ ക്രമക്കേട് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് പരാതി.
പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിക്ക് അട്ടപ്പാടിയില്‍ സമഗ്ര ആരോഗ്യ വികസന പദ്ധതിയുടെ ഭാഗമായി 12 കോടി രൂപ ആദ്യം അനുവദിച്ചു. ഇതിനു പുറമെയാണിപ്പോള്‍ വീണ്ടും ആറു കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായത്. മാത്രമല്ല അട്ടപ്പാടി ആരോഗ്യ സംരക്ഷണം നടത്തിയതിനു സംസ്ഥാന സഹകരണ വകുപ്പ് ഇ.എം.എസ്. ആശുപത്രിക്ക് അവാര്‍ഡും നല്‍കിയിരുന്നു.
പാവപ്പെട്ട രോഗികള്‍ക്ക് യാതൊരു ചികിത്സാ ഇളവും ആശുപത്രിയില്‍ നിന്നും ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. കോവിഡ് ചികിത്സക്ക് അധിക ബില്ല് വാങ്ങിയതിനും രോഗിക കുടെ നിരവധി പരാതികള്‍ നിലവിലുണ്ട്. ഭരണത്തിലുള്ള ഇടത് പാര്‍ട്ടിയുടെ സഹകരണ ആശുപത്രി ആയതിനാല്‍ ഒരോ വര്‍ഷവും കോടികള്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നു. സാധാരനകാര്‍ക്ക് യാതൊരു ചികിത്സാ ഇളവും നല്‍കുന്നില്ലെന്നാണ് ഉയരുന്ന പരാതി. സൗജന്യ കാരുണ്യ സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് കാര്‍ഡ് ഉള്ളവരില്‍ നിന്നും ചികിത്സാ ചിലവ് കൂടി എന്ന് പറഞ്ഞ് പണം അഡീഷണലായി വാങ്ങുന്നതായും ആക്ഷേപം ഉണ്ട്.
പൊതു ജനത്തിനു സഹായം ഇല്ലാത്ത ഇ.എം.എസ്. ‘ആശുപത്രിക്ക് പൊതുഖജനാവില്‍ നിന്നും നിരന്തരം സര്‍ക്കാര്‍ ഫണ്ട് വാരി കോരി നല്‍കുന്ന അടിയന്തിരമായി നിര്‍ത്തണമെന്നും അട്ടപ്പാടി ആരോഗ്യ മേഖല ഇനിയെങ്കിലും സംരക്ഷിക്കണമെന്നും ഇതിനായി ശബ്ദം ഉയരട്ടെയെന്നും അട്ടപ്പാടി യുവജന കൂട്ടായ്മ ആവശ്യപ്പെട്ടു.
അതേ സമയം ഇഎംഎസ് സഹകരണ ആശുപത്രിക്ക് 12 കോടി അനുവദിച്ചതിന് പുറമേ, 6 കോടി രൂപ കൂടി അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഈ തുക ഉപയോഗിച്ചു അട്ടപ്പാടിയിലെ തന്നെ കോട്ടത്തറ ട്രൈബല്‍ ആശുപത്രി വികസിപ്പിക്കണമെന്നുമാണ് ഊരുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം. മണിക്കൂറുകള്‍ സഞ്ചരിച്ച് അട്ടപ്പാടിയില്‍നിന്നും പെരിന്തല്‍മണ്ണയിലെത്തി ചികിത്സിക്കുന്നത് അപ്രായോഗികമാണെന്നും ഇത് മൂലം പലര്‍ക്കും മരണംവരെ സംഭവിച്ചിട്ടുണ്ടെന്നും ഗര്‍ഭിണികള്‍ ഉള്‍പ്പെടെ വലിയ പ്രയാസത്തിലാണെന്നും ഊര് നിവാസികള്‍ പറയുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ആദിവാസി വിഭാഗങ്ങളായ പട്ടിണിപാവങ്ങളുടെ ഫണ്ട് കയ്യിട്ട് വാരുന്നത് അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
അട്ടപ്പാടിയിലെ ശിശുമരണങ്ങളും മറ്റും കണക്കിലെടുത്ത് 2016ലാണ് 12.5 കോടി രൂപയുടെ പദ്ധതി തയാറാക്കി ഇഎംഎസ് ആശുപത്രി സര്‍ക്കാരിനെ സമീപിച്ചത്. കോട്ടത്തറ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്യുന്ന രോഗികളെ ഇവിടെ എത്തിച്ചു വിദഗ്ധ ചികിത്സ നല്‍കാമെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചത്. എന്നാല്‍, ഫണ്ട് അപര്യാപ്തത മൂലം അന്നു പദ്ധതിക്ക് അംഗീകാരം ലഭിച്ചില്ല. പിന്നീട്, 2018 ജൂണ്‍ 26നാണ് അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതിക്ക് അനുമതി ലഭിക്കുന്നത്. അന്നത്തെ സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍, രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതിക്ക് അനുവദിച്ച തുക മുഴുവന്‍ ചെലവഴിച്ചു കഴിഞ്ഞെന്നും പദ്ധതിത്തുക 18 കോടിയായി വര്‍ധിപ്പിച്ച് 6 കോടി രൂപ കൂടി നല്‍കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി സര്‍ക്കാരിനെ സമീപിച്ചു. അനുവദിച്ച തുക തീര്‍ന്നതിനാല്‍ 2021 ജനുവരി 20 മുതല്‍ പദ്ധതി നിര്‍ത്തിവയ്ക്കുന്നതായി ആശുപത്രി രേഖാമൂലം അറിയിച്ചിരുന്നു.

 

 

 

Sharing is caring!