മലപ്പുറത്തുകാരനെ വയനാട്ടില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊന്ന സംഭവം; രണ്ടാംഭാര്യയുടെ മാതാവ് ഉള്‍പ്പെടെ 4പേര് അറസ്റ്റില്‍
കൊണ്ടോട്ടി കരിപ്പൂര്‍ കിളിനാട്ട് അബ്ദുള്‍ ലത്തീഫിന്റെ (45) കൊലപാതകത്തില്‍ രണ്ടാംഭാര്യയുടെ മാതാവുള്‍പ്പെടെ നാലുപേരെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. പറളിക്കുന്ന് മാടത്തൊടുക വീട്ടില്‍ ജസ്നയുടെ മാതാവ് ഷാജിറ (46), ഷാജിറയുടെ മാതാവ് ഖദീജ, ഷാജിറയുടെ സഹോദരന് നൗഷാദ് (40) നൗഷാദിന്റെ ഭാര്യ മൈമൂന (38) എന്നിവരാണ് പിടിയിലായത്. കൊലപാതകം നടന്ന് ഏകദേശം ഒരു വര്‍ഷമാകാറാകുമ്പോഴാണ് നാലു പ്രതികള്‍ കൂടി പിടിയിലാവുന്നത്. അമ്പിലേരിയില്‍ താമസിക്കുന്ന ഷാജിറയെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയും മറ്റുള്ളവരെ പറളിക്കുന്നിലെ വീട്ടില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്.
കൊലപാതകത്തിന് കൂട്ടുനില്‍ക്കുകയും തെളിവുനശിപ്പിക്കുകയും ചെയ്തതാണ് പ്രതികള്‍ക്ക് നേരെയുള്ള കേസ്. കൊലപാതകത്തില്‍ രണ്ടാംഭാര്യ ജസ്ന (30) സഹോദരന് ജംഷാന്‍ (26) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. നാലുമാസം ജയില്‍ശിക്ഷ അനുഭവിച്ച ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്. തുടരന്വേഷണത്തില്‍ അയല്‍വാസികളെയുള്‍പ്പെടെ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ബാക്കി നാലുപേരുടെയും പങ്ക് വ്യക്തമായതെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു.
2020 ഡിസംബര്‍ 21-ന് പുലര്‍ച്ചെ പറളിക്കുന്ന് ലക്ഷംവീട് കോളനിയിലായിരുന്നു അബ്ദുള്‍ ലത്തീഫ് മര്‍ദനമേറ്റ് കൊല്ലപ്പെടുന്നത്. മര്‍ദനമേറ്റ അബ്ദുള്‍ ലത്തീഫിനെ പോലീസ് കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് പോലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചെത്തുമ്പോഴേക്കും പ്രതികള്‍ ചേര്‍ന്ന് തെളിവ് നശിപ്പിച്ചതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ജസ്നയേയും ജംഷാനെയും പോലീസ് തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റു ചെയ്തു. അയല്‍വാസികളയുള്‍പ്പെടെ മൊഴിയെടുത്തശേഷമാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം കൂടുതല്‍ പ്രതികളിലേക്ക് എത്തിയത്. കൊലപാതകത്തിനുശേഷം പ്രതികള്‍ ഇവരുടെ പങ്ക് പുറത്തറിയാതിരിക്കാന്‍ പലരെയും ഭീഷണിപ്പെടുത്തിയിരുന്നതായും ജില്ലാ ക്രൈംബ്രാഞ്ച് അധികൃതര്‍.
മലപ്പുറത്ത് ഭാര്യയും കുട്ടികളുമുള്ള അബ്ദുള്‍ ലത്തീഫ് 2016 ലാണ് ജസ്നയെ വിവാഹം ചെയ്യുന്നത്. ഇടയ്ക്കിടെ പറളിക്കുന്നിലെ വീട്ടില്‍ വന്ന് ഇയാള്‍ താമസിക്കാറുമുണ്ട്. 2019-ല്‍ ഇവര്‍ തമ്മിലുള്ള ബന്ധം വഷളായിരുന്നു. 20-ന് രാത്രി അബ്ദുള്‍ ലത്തീഫ് ജസ്നയുടെ വീട്ടിലെത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാത്രിയെത്തി വീടിന് പുറത്തു നിന്ന അബ്ദുള്‍ലത്തീഫിനെ ജസ്നയുടെ മാതാവ് ഷാജിറയാണ് കണ്ടത്. തുടര്‍ന്ന് തര്‍ക്കമായി. തര്‍ക്കം കൈയ്യാങ്കളിയില്‍ എത്തുകയുമായിരുന്നു.
അബ്ദുള്‍ ലത്തീഫിനെ ഭാര്യ ജസ്നയും സഹോദരന് ജംഷാനും ചേര്‍ന്ന് കൈയും കാലും കെട്ടിയിട്ടാണ് മര്‍ദിച്ചത്. ദേഹത്ത് വടികൊണ്ട് അടിച്ചതിന്റെയും കുത്തിയതിന്റെയും പാടുകളുണ്ടായിരുന്നു. നെഞ്ചിന്റെ താഴ്ഭാഗത്തേറ്റ ചവിട്ടാണ് മരണകാരണം. പോലീസ് സ്ഥലത്തെത്തുമ്പോള്‍ കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു ലത്തീഫ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അറസ്റ്റിലായ നൗഷാദും ലത്തീഫിനെ മര്‍ദിച്ചിരുന്നു. ജസ്നയുടെ മറ്റൊരു സഹോദരന് ജംഷീറിനെ (27) ഡിസംബര്‍ 25-ന് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. മാനസിക വൈകല്യമുള്ളയാളായിരുന്നു ജംഷീര്‍.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]