വികാരനിര്‍ഭരനായി മുന്‍ സ്പിക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

വികാരനിര്‍ഭരനായി മുന്‍ സ്പിക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

മലപ്പുറം: സാമൂഹിക മാധ്യമങ്ങളിലും തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും അപവാദ പ്രചരണങ്ങളും എണ്ണിപ്പറഞ്ഞ് വികാരനിര്‍ഭരനായി മുന്‍ സ്പിക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പെന്നാനി ഏരിയ സമ്മേളനത്തിലാണ് സംഭവം. പാര്‍ട്ടിക്കുള്ളിലും സാമൂഹിക മാധ്യമങ്ങളിലും തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും അപവാദ പ്രചരണങ്ങള്‍ക്കും, മുന്‍ സ്പീക്കറും സി.പി.എം സംസ്ഥാന സമിതി അംഗവുമായ പി.ശ്രീരാമകൃഷ്ണന്റെ വികാരനിര്‍ഭരമായ മറുപടിയുണ്ടായത്.

ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താനാവില്ലെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.തനിക്കെതിരെ പാര്‍ട്ടി ശത്രുക്കളും കേന്ദ്ര ഭരണ കൂടവും സമാനതകളില്ലാത്ത അപവാദ പ്രചരണം നടത്തി. അതില്‍ ചിലതെങ്കിലും പൊന്നാനിയിലെ പാര്‍ട്ടിയിലെ ചിലര്‍ ഏറ്റു പിടിക്കുന്ന നിലയുണ്ടായി.സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തന്റെ പേരും വലിച്ചിഴച്ചു. പാര്‍ട്ടിക്ക് വിധേയനായാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. പൊന്നാനിയിലെ പ്രസ്ഥാനത്തിന്റെ ബഹുജന സ്വാധീനം വളര്‍ത്തുന്നതില്‍ താനും തന്റേതായ പങ്കു വഹിച്ചെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ എല്ലാ വിഭാഗം ജനങ്ങളുമായും ബന്ധം സ്ഥാപിച്ചു. വ്യവസായി യൂസഫലി ഉള്‍പ്പെടെയുളളവരുടെ സഹായവും സഹകരണവും മണ്ഡലത്തിലെ വികസനത്തിനും എത്തിച്ചു.അതെല്ലാം ശരിയായിരുന്നു എന്ന് താന്‍ ഉള്‍പ്പെട്ട പാര്‍ട്ടി ഘടകങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമല്ലാതെ ഒരു കാര്യവും താന്‍ ചെയ്തിട്ടില്ലെന്നും ഇടപെട്ടിട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വിഭാഗീയ പ്രവണതകള്‍ക്കെതിരായ സമരം തുടരുമെന്നും ഏരിയാ സമ്മേളനത്തില്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

രണ്ട് ദിവസങ്ങളിലായി പൊന്നാനി എം.ഇ.എസ് കോളേജിലെ ഇ.കെ. ഇമ്പിച്ചിബാവ നഗറില്‍ നടന്ന സി.പി.എം പൊന്നാനി ഏരിയ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരം.19 അംഗ ഔദ്യോഗിക പാനലിനെതിരെ നാല് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. നേരത്തെ ഏരിയ കമ്മറ്റി അംഗങ്ങളായിരുന്ന ടി.ദാമോദരന്‍, വി.പി ബാലകൃഷ്ണന്‍, ഷിനീഷ് കണ്ണത്ത് എന്നിവരെ ഒഴിവാക്കി പകരം കാഞ്ഞിരമുക്ക് ലോക്കല്‍ സെക്രട്ടറി വി.വി.സുരേഷ്, എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം തേജസ്.കെ.ജയന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി സെക്രട്ടറി വി.പി പ്രബീഷ് എന്നിവരെ ഉള്‍പ്പെടുത്തുകയും ചെയ്താണ് 19 അംഗ ഔദ്യോഗിക പാനല്‍ അവതരിപ്പിച്ചത്. ഔദ്യോഗിക പാനലിനെതിരെ
നാല് പേരാണ് മത്സരിച്ചത്. പൊന്നാനി സൗത്ത് ലോക്കല്‍ കമ്മറ്റിയിലെ അംഗവും മുന്‍ മന്ത്രി ഇ.കെ ഇമ്പിച്ചിബാവയുടെ മകനുമായ ഇ.കെ ഖലീല്‍, ഈഴുവത്തിരുത്തി ലോക്കല്‍ കമ്മറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ പി.വി ലത്തീഫ് ,പെരുമ്പടപ്പ് എല്‍.സി യിലെ വി.ബി നൂറുദ്ദീന്‍, വെളിയങ്കോട് ലോക്കലിലെ പി.ശശി എന്നിവരാണ് മത്സരിച്ചത്.ഏരിയാ കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 137 പേരാണ് വോട്ട് ചെയ്തത്.ഇതില്‍ ഒരു വോട്ട് അസാധുവായി. ബാക്കിയുള്ള 136 വോട്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ആദ്യത്തെ 19 പേരടങ്ങുന്നതാണ് പുതിയ ഏരിയാ കമ്മറ്റി. ഔദ്യോഗിക പാനലിലെ സി.ഐ.ടി.യു നേതാവും ഏരിയാ സെന്റര്‍ അംഗവുമായ സുരേഷ് കാക്കനാത്തിന് 76 വോട്ട് മാത്രമാണ് ലഭിച്ചത്. മത്സരിച്ചവരില്‍ പി.വി ലത്തീഫിന് 78 വോട്ട് ലഭിച്ചു.ഇതോടെ
പി.വി ലത്തീഫ് ഏരിയ കമ്മറ്റിയില്‍ ഉള്‍പ്പെടുകയും സി.ഐ.ടി.യു ഏരിയ സെക്രട്ടറി സുരേഷ് കാക്കനാത്ത് കമ്മറ്റിയില്‍ നിന്നും പുറത്താവുകയും ചെയ്തു.

 

 

 

Sharing is caring!