കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ മലപ്പുറം സെവന്‍സ്

കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ മലപ്പുറം സെവന്‍സ്

മലപ്പുറം: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമില്‍ മലപ്പുറം സെവന്‍സ്. മലപ്പുറത്തെ ഏഴുതാരങ്ങളാണ് ഇത്തവണ കേരള സന്തോഷ് ട്രോഫി ടീമില്‍ ഉള്‍പ്പെട്ടത്. ഇതാദ്യമായാണ് മലപ്പുറത്ത് നിന്ന് ഇത്രമാത്രം താരങ്ങളുടെ പങ്കാളിത്തം. മുന്‍കാലങ്ങളില്‍ അഞ്ചുതാരങ്ങളെ വരെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഇതു ഏഴിലേക്കു നീണ്ടത് ജില്ലയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കു ആഹ്ലാദത്തിനു വക നല്‍കുന്നു. ഡിസംബര്‍ ഒന്നിനാണ് കേരളത്തിന്റെ ആദ്യമത്സരം. ആന്‍ഡമാന്‍, പോണ്ടിച്ചേരി, ലക്ഷദ്വീപ് ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് കേരളം. കൊച്ചി നെഹ്റു സ്റ്റേഡിയത്തിലാണ് യോഗ്യതാ മത്സരം. കേരളത്തിന്റെ ടീം മാനേജരും മലപ്പുറത്തുകാരനാണ്. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന എം. മുഹമ്മദ് സലീം.

കളിക്കാര്‍ –
അര്‍ജുന്‍ ജയരാജ്
മധ്യനിരയില്‍ മഞ്ചേരി തൃക്കലങ്ങോട്ടുകാരന്‍ അര്‍ജുന്‍ ജയരാജ് അണിനിരക്കും. ഇതാദ്യമായാണ് സന്തോഷ് ട്രോഫിയില്‍ കളിക്കുന്നത്.

മുഹമ്മദ് ആസിഫ്
ഊരകം വെങ്കുളം മരത്തമ്പള്ളി ഹൗസിലെ മുഹമ്മദ് ആസിഫ് കൊല്‍ക്കത്ത ഭവാനിപൂര്‍ എഫ്സിയുടെ പ്രതിരോധക്കാരനാണ്. ടീം ഐഎഫ്എ ഷീല്‍ഡ് ചാമ്പ്യന്‍ഷിപ്പ് കളിക്കുമ്പോഴാണ് മുഹമ്മദ് ആസിഫ് അതില്‍ നിന്നു വിട്ടു സന്തോഷ് ട്രോഫി ക്യാമ്പിലെത്തുന്നത്.

ബുജൈര്‍
മധ്യനിരയിലാണ് ബുജൈറിന്റെ സ്ഥാനം. നിലവില്‍ കേരളാ യൂണൈറ്റഡിന്റെ താരം. കഴിഞ്ഞ വര്‍ഷം കാലിക്കട്ട് യൂണിവേഴ്സിറ്റി ചാമ്പ്യന്‍ ടീമംഗമായിരുന്നു. വാഴക്കാട്ടുകാരന്‍.

സല്‍മാന്‍
തിരൂര്‍ മാങ്ങാട്ടാരി കള്ളിയത്ത് വീട്ടിലെ സല്‍മാന്‍ മധ്യനിരയില്‍ കളിക്കും. ഇതാദ്യമായാണ് സന്തോഷ് ട്രോഫിയില്‍ ജഴ്സിയണിയുന്നത്. കഴിഞ്ഞ സീസണ്‍വരെ ഗോകുലം എഫ്സി താരമായിരുന്നു.

ജെസിന്‍
മമ്പാട് എംഎഇസ് കോളേജ് താരമായിരുന്ന ജെസിന്‍ സന്തോഷ് ട്രോഫിയില്‍ മുന്‍നിരയില്‍ കളിക്കും. ആദ്യമായാണ് സന്തോഷ് ട്രോഫിയില്‍. നിലമ്പൂര്‍ സ്വദേശി.

മുഹമ്മദ് ഷഫീഫ്
തിരൂര്‍ കൂട്ടായി അരീസിന്റെപുരക്കല്‍ മുഹമ്മദ് ഷഫീഫിനെ പ്രതിരോധനിരയില്‍ കാണാം. സന്തോഷ് ട്രോഫിയില്‍ ഇതാദ്യം. നിലവില്‍ തൃശൂര്‍ പറപ്പൂര്‍ എഫ്സിയുടെ താരമാണ്.

ഷിഗില്‍
വളാഞ്ചരി ഇരിമ്പിളിയം നമ്പ്രത്ത് വീട്ടിലെ ഷിഗില്‍ ആണ് മറ്റൊരു താരം. ബംഗളൂരു എഫ്സി താരമായ ഷിഗില്‍ മധ്യനിരയില്‍ കളിക്കും

 

Sharing is caring!