മലപ്പുറത്തെ എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പിച്ച 1.59 കോടി രൂപ തട്ടിയെടുത്ത നാലുപേര്‍ അറസ്റ്റില്‍

മലപ്പുറത്തെ എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പിച്ച 1.59 കോടി രൂപ തട്ടിയെടുത്ത നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം: എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ കരാര്‍ കമ്പനി ഏല്‍പ്പിച്ച 1.59 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെ നാലുപേരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ഊരകം ഗ്രാമപഞ്ചായത്തംഗവും മുസ്ലിംലീഗ് പ്രാദേശിക നേതാവുമായ വേങ്ങര നെടുംപറമ്പ് നെല്ലാട്ടുതൊടി ഷിബു (31), മഞ്ചേരി മുള്ളമ്പാറ താമരപ്പറമ്പില്‍ മഹിത് (34), കാവന്നൂര്‍ ഇരുവെട്ടി കൃഷ്ണകൃപയിലെ കൃഷ്ണരാജ് (28), കോട്ടക്കല്‍ ചെങ്ങോട്ടൂര്‍ മങ്കടത്തുംപറമ്പ് ശശിധരന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ഷിബു ഏഴും മറ്റുള്ളവര്‍ അഞ്ചും വര്‍ഷത്തോളമായി കരാര്‍ കമ്പനിയുടെ ജീവനക്കാരാണ്. നാലുപേരും ആസൂത്രണം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
സി.എം.എസ് ഇന്‍ഫോ സിസ്്റ്റം എന്ന കരാര്‍ കമ്പനി എ.ടി.എമ്മുകളില്‍ അടയ്ക്കാന്‍ ഏല്‍പ്പിച്ച തുക ആറ് മാസത്തിനിടെ കുറേശ്ശേയായാണ് തട്ടിയെടുത്തത്. 20 ലക്ഷം രൂപ എ.ടി.എമ്മില്‍ അടയ്ക്കാന്‍ ഏല്‍പ്പിക്കുമ്പോള്‍ പലപ്പോഴും 15നും 18 ലക്ഷത്തിനും ഇടയിലാണ് എ.ടി.എമ്മുകളില്‍ നിറച്ചിരുന്നത്. തുക അടച്ചത് സംബന്ധിച്ച് വ്യാജ റിപ്പോര്‍ട്ടായിരുന്നു കമ്പനിക്ക് നല്‍കിയിരുന്നത്. ഇതിനാല്‍ തട്ടിപ്പ് കരാര്‍ കമ്പനിയോ, ബാങ്കോ അറിഞ്ഞിരുന്നില്ല. കരാര്‍ കമ്പനിയുടെ ഓഡിറ്റിംഗിലാണ് എ.ടി.എമ്മില്‍ നിറക്കുന്ന പണത്തിന്റെ കുറവ് കണ്ടെത്തിയത്. തുടര്‍ന്ന് കരാര്‍ കമ്പനിയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, ഐ.ഡി.ബി.ഐ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ആക്‌സിസ്, കനറ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ പണം നിറക്കുന്നതിന് കരാറെടുത്ത ഏജന്‍സിയാണിത്. മലപ്പുറം എസ്.എച്ച്.ഒ ജോബി തോമസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അബ്ദുല്‍ നാസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിന്‍സ് ആന്റണി, ഹമീദലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസന്വേഷണം നടത്തുന്നത്.

 

Sharing is caring!