മലപ്പുറത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ സംരക്ഷിച്ച ബാലരാമപുരം പൊലീസിനെതിരെ ഹൈക്കോടതി

മലപ്പുറത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ സംരക്ഷിച്ച ബാലരാമപുരം പൊലീസിനെതിരെ ഹൈക്കോടതി

മലപ്പുറം: മലപ്പുറത്തെ യുവതി തിരുവനന്തപുരത്ത് ചികില്‍സയ്ക്കായി പോയപ്പോള്‍ബാലരാമപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നോക്കാനേല്‍പ്പിച്ച മകളെ സുഹൃത്തിന്റെ സഹോദരന്‍ പീഡിപ്പിച്ചു.
മലപ്പുറം സ്വദേശിനിയുടെ നാലര വയസുകാരി മകളെ ലൈംഗികമായി ഉപദ്രവിച്ച പ്രതികളെ സംരക്ഷിച്ച ബാലരാമപുരം പൊലീസിനെതിരെ ഹൈക്കോടതി. കേസ് ഡിവൈഎസ്പിക്ക് മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് കോടതി ഉത്തരവ്. വിധിയില്‍ സംതൃപ്തയാണെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണമാണ് വേണ്ടതെന്നും കുട്ടിയുടെ അമ്മ പ്രതികരിച്ചു. ഇതുകൂടാതെ അന്വേഷണത്തില്‍ വീഴ്ച്ചവരുത്തിയ ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ച തിരുവനന്തപുരം സിഡബ്ല്യുസി ചെയര്‍പേഴ്‌സണെതിരെയും നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പോക്‌സോ കേസുകള്‍ ഡിവൈഎസ്പിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നിരിക്കെ ബാലരാമപുരം സിഐ ആണ് ഈ കേസ് അന്വേഷിച്ചത്. തുടക്കം മുതല്‍ തന്നെ കുറ്റക്കാരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ മാര്‍ച്ച് നാലാം തീയതിയാണ് ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ ആറ് മാസമായിട്ടും കേസ് ഒരിടത്തുമെത്താത്തതിനെ തുടര്‍ന്നാണ് കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചത്. കുറ്റക്കാരെ സംരക്ഷിക്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി.

മലപ്പുറം സ്വദേശിയായ സ്ത്രീ തിരുവനന്തപുരത്ത് ചികില്‍സയ്ക്കായി പോയ സമയത്ത് ബാലരാമപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ മകളെ നോക്കാനേല്‍പ്പിച്ചിരുന്നു. ആ സമയത്ത് സുഹൃത്തിന്റെ സഹോദരന്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് പോക്സോ കേസില്‍ പൊലീസും നെയ്യാറ്റിന്‍കര മജിസ്‌ട്രേട്ടും മൊഴിയെടുത്തെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നാണ് കുട്ടിയുടെ അമ്മ വ്യക്തമാക്കുന്നത്. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പൊലീസ് കാത്തുനില്‍ക്കുന്നുവെന്ന് അമ്മ ആരോപിക്കുന്നു. പരാതിയുമായി തിരുവനന്തപുരം സിഡബ്ല്യുസിയെ സമീപിച്ചപ്പോള്‍ പ്രതികളെ സംരക്ഷിക്കാനാണ് അവരും ശ്രമിച്ചത്.

അതേസമയം തന്നെ പ്രതിയുടെ സഹോദരി നിലവില്‍ സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായും കുട്ടിയുടെ അമ്മ ആരോപിക്കുന്നുണ്ട്. ഇവരെയാണ് സംഭവം നടക്കുന്ന സമയത്ത് കുട്ടിയെ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. മലപ്പുറം ചൈല്‍ഡ്ലൈനിന്റെ സംരക്ഷണത്തിലായിരുന്ന കുട്ടിയെ ഇപ്പോള്‍ അമ്മയ്‌ക്കൊപ്പം വിട്ടിട്ടുണ്ട്.

Sharing is caring!