പി.വി അന്‍വര്‍ എം.എല്‍.എയുടെ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന മലപ്പുറം ക്രെ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി
നിലമ്പൂര്‍: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി അന്‍വര്‍ എം.എല്‍.എ പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയ കേസ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കിയിട്ടും പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പി. വിക്രമന് 30ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് മഞ്ചേരി ചീഫ് ജുഡഷ്യല്‍ മജിസ്ട്രേറ്റ് എസ്. രശ്മി ഉത്തരവിട്ടു.
ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നാരോപിച്ച് പരാതിക്കാരന് മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീം സമര്‍പ്പിച്ച ഹരജിയില്‍ കഴിഞ്ഞ ആഗസ്റ്റ് 11നാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കിയത്. എല്ലാ രണ്ടാഴ്ചയും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കര്‍ണാടകയില്‍പോയി അന്വേഷണം നടത്താന്‍ കോവിഡ് നിയന്ത്രണങ്ങള്‍ തടസമാണെന്നും നിയന്ത്രണങ്ങളില്‍ ഇളവുവരുന്ന മുറക്ക് അന്വേഷണം നടത്തുമെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ ആദ്യ റിപ്പോര്‍ട്ട്.
കര്‍ണാടകയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുകയും കോളജുകളും സ്കൂളുകളുമടക്കം തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തപ്പോഴായിരുന്നു ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് 2020 ഏപ്രിലില്‍ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി, ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കര്‍ണാടകയില്‍പോയി രേഖകളും തെളിവുകളും ശേഖരിച്ചതായും അവ ഇംഗ്ലീഷിലേക്ക്് മൊഴിമാറ്റിയതായും വ്യക്തമാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സലീമിന്റെ അഭിഭാഷകന് ഹാജരാക്കിയതോടെ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളിയ കോടതി സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു. നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറിയാണ് ക്രൈം ബ്രാഞ്ച് ഹാജരാക്കിയത്. ഹൈക്കോടതി തള്ളിയ പോലീസ് അന്വേഷണ റിപ്പോര്‍ട്ടിനു പകരം ക്രൈം ബ്രാഞ്ചിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി കര്‍ക്കശ നിര്‍ദ്ദേശം നല്കി. ഇതോടെ പി.വി അന്‍വര്‍ എം.എല്‍.എ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി കാണിച്ച് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പി വിക്രമന് സെപ്തംബര്‍ 30തിന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മംഗലാപുരം ബല്‍ത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷര്‍ പി.വി അന്‍വറിന് വില്പന നടത്തിയ കാസര്‍ഗോട്ട് സ്വദേശി കെ. ഇബ്രാഹിമില്‍ നിന്നും സെപ്തംബര്‍ 15ന് ഡി.വൈ.എസ്.പി മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി.വി അന്‍വര്‍ പ്രവാസി എന്‍ജിനീയര്‍ സലീമില്‍ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാല്‍ ക്രഷര്‍ സര്‍ക്കാരില്‍ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി. ഇതോടൊപ്പം ക്രഷറിനോട് ചേര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള 1.5 ഏക്കര്‍ ഭൂമിയും കൊറിഞ്ചയിലെ 1.5 ഏക്കര്‍ഭൂമിയും കൈമാറിയതായും മൊഴി നല്‍കിയത്. പി.വി അന്‍വര്‍ കരാറില്‍ സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടിയതുമാണ് ക്രഷര്‍ എന്ന് പറയുന്നതും ക്രഷര്‍ പാട്ടഭൂമിയിലുള്ളതാണെന്നു വ്യക്തമാക്കാത്തതും പ്രഥമ ദൃഷ്ട്യാ വഞ്ചനയാണെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ഉടന്‍ മംഗലാപുരത്തുപോയി അന്വേഷണം നടത്തുമെന്നും കൂടുതല്‍ രേഖകള്‍ പരിശോധിച്ചും സാക്ഷികളുടെ മൊഴികളെടുത്തും അന്വേഷണം പൂര്‍ത്തീകരിച്ച് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുമായിരുന്നു അന്നത്തെ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
ക്രൈം ബ്രാഞ്ച് പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ വഞ്ചനാകുറ്റത്തിന് പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാത്തതെന്താണെന്ന് സലീമിന്റെ അഭിഭാഷകന് ചോദ്യം ഉയര്‍ത്തി. എന്നാല്‍ തുടര്‍ന്നും അന്വേഷത്തില്‍ യാതൊരു പുരോഗതിയുമില്ലാത്ത സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി നേരിട്ട് വിളിച്ചുവരുത്തുന്നത്.
RECENT NEWS
ഡാൻസാഫ് പിരിച്ചു വിടണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്
മലപ്പുറം: ലഹരി മാഫിയകളെ കണ്ടെത്തി പിടികൂടുന്നതിന് ഊന്നൽ നൽകി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ രൂപീകരിച്ച ഡാൻസാഫ് സകല നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുവെന്ന് പുറത്ത് വന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ക്വാഡ് പിരിച്ച് വിടണമെന്ന് [...]