മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയെ പേടിച്ച് ജനം, കാട്ടുപന്നിയുടെ ജഡം കടുവ ഭക്ഷിച്ച നിലയില്‍
മലപ്പുറം: വനം വകുപ്പിന്റെ ക്യാമറയില്‍ കടുവയെ കണ്ടിട്ടും മലപ്പുറം കരുവാരക്കുണ്ടിലിറങ്ങിയ കടുവയെ പിടികൂടാനോ, കാട്ടിലേക്കയക്കാനോ സാധിച്ചില്ല. ജനം ഭീതിയില്‍. ഇതിനിടെ വീണ്ടും കാട്ടുപന്നിയുടെ ജഡം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഒന്നര മാസത്തോളമായി കരുവാരക്കുണ്ടിലെ മലയോരവാസികളുടെയും തോട്ടം തൊഴിലാളികളുടെയും സൈ്വരജീവിതത്തിന് ഭീഷണിയായ കടുവയെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ രാവിലെ പാന്ത്ര സുല്‍ത്താന എസ്റ്റേറ്റിനു സമീപം കാട്ടുപന്നിയുടെ ജഡത്തിന്റെ ഒരു ഭാഗം ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഭീതിയിലാണ്.
ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ മൂന്നു വരെയുള്ള ദിവസങ്ങളില്‍ കുണ്ടോട എസ്റ്റേറ്റിലായിരുന്നു ഭീതി പരത്തി കടവയുടെ സാന്നിധ്യമുണ്ടായിരുന്നത്. വനം വകുപ്പിന്റെ കാമറയില്‍ കടുവയെ കണ്ടതോടെ പ്രദേശവാസികളുടെ നിര്‍ബന്ധത്തിന് വഴങ്ങി അന്ന് രണ്ടിടങ്ങളില്‍ കെണികള്‍ സ്ഥാപിക്കുകയും കൃഷിഭൂമിയിലെ അടിക്കാടുകള്‍ വെട്ടിമാറ്റി കടുവയ്ക്കായുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കടുവയെ കണ്ടെത്താന്‍ സാധിക്കുകയോ കെണിയില്‍ കുടുങ്ങുകയോ ചെയ്തില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കടുവ കാടു കയറിയിട്ടുണ്ടാകും എന്ന നിഗമനത്തിലായിരുന്നു നാട്ടുകാരും വനപാലകരും.
ഇതിനിടയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിനിയെ കടുവ ആക്രമിക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ചയും ഞായറാഴ്ച്ചയും പലരും കടുവയെ നേരിട്ട് കാണുകയുണ്ടായി. ചിലര്‍ അമ്മയും കുഞ്ഞുങ്ങളും ഉള്‍പ്പടെ നാലു കടുവകളെ കണ്ടതായും പറഞ്ഞു. ഞായറാഴ്ച പാന്ത്ര മേഖലയില്‍ നിന്ന് കാട്ടുപന്നിയുടെ പകുതി ഭക്ഷിച്ച ജഡം കൂടി കണ്ടെത്തിയതോടെ നാട്ടുകാരുടെ ഭീതി വര്‍ധിച്ചു.
രാവിലെ റബര്‍ ടാപ്പിംഗിനു പോകുന്ന തൊഴിലാളികളില്‍ മിക്കവരും ജോലിക്ക് പോകുന്നതു തന്നെ കടുവാ ഭീതി മൂലം നിര്‍ത്തിവച്ച സ്ഥിതിയിലായിരുന്നു.
ഇന്നുരാവിലെ സുല്‍ത്താന എസ്റ്റേറ്റിലേക്ക് തോട്ടം പണിക്ക് പോയ ചിലര്‍ നടവഴിയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ പിന്തുടരുന്നതിനിടെയാണ് മറ്റൊരു കാട്ടുപന്നിയെ കൂടി വകവരുത്തിയതായി കണ്ടത്. ജനവാസ മേഖലയിലെത്തി ഇരപിടിക്കുന്നതു തുടരുന്ന കടുവ ഇനി സ്വമേധയാ കാടുകയറില്ല എന്ന നിഗമനത്തിലാണ് നാട്ടുകാര്‍. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ക്ക് ഒരുങ്ങാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]