ഭാര്യാസഹോദരിയെ ബലാല്‍സംഗം ചെയ്ത യുവാവ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷ 24ന്

മഞ്ചേരി : ഭാര്യയുടെ 17 കാരിയായ സഹോദരിയെ ബലാല്‍സംഗം ചെയ്ത യുവാവ് കുറ്റക്കാരനാണെന്ന് മഞ്ചേരി പോക്‌സോ അതിവേഗ കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ജഡ്ജി പി ടി പ്രകാശന്‍ ഈ മാസം 24ന് പ്രസ്താവിക്കും. കോഴിക്കോട് കാക്കൂര്‍ സ്വദേശിയായ 33 കാരനാണ് പ്രതി. 2014 ഏപ്രില്‍ 25നായിരുന്നു തുവ്വൂര്‍ സ്വദേശിനിയുമായുള്ള പ്രതിയുടെ വിവാഹം. ദമ്പതികള്‍ എംഎസ്‌സി ക്രൂയിസ് കപ്പലില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യക്ക് അവധി ലഭിക്കാത്തതിനാല്‍ 2018 ജൂലൈ 29ന് തനിച്ചാണ് യുവാവ് തുവ്വൂരിലെ വീട്ടിലെത്തിയത്. പിറ്റേന്ന് ഭാര്യാമാതാവ് പരീക്ഷയെഴുതാനായി പോയി. ഭാര്യാപിതാവും ഇവര്‍ക്കൊപ്പം പോയതോടെ വീട്ടില്‍ പെണ്‍കുട്ടിയും പ്രതിയും തനിച്ചായി. ഇവിടെ വെച്ച് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത പ്രതി 2018 ഒക്‌ടോബറില്‍ ലീവ് തീര്‍ന്ന് പോകുന്നതുവരെ പലതവണ ആവര്‍ത്തിച്ചതായും പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീട് പീഡനം. 2019 ജൂലൈ അഞ്ചിന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 11ന് യുവാവ് അറസ്റ്റിലാവുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി. പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും വധശ്രമത്തിനും ഭാര്യ നല്‍കിയ കേസ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിലവിലുണ്ട്.

Sharing is caring!