മലപ്പുറം ചങ്കുവെട്ടിയില്‍ മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് നവവരനെ ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു

മലപ്പുറം ചങ്കുവെട്ടിയില്‍ മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് നവവരനെ ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു

മലപ്പുറം: വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് മലപ്പുറം ചെങ്കുവട്ടിയില്‍ നവവരനെ ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. വാരിയെല്ലിനും ജനനേന്ദ്രിയത്തിനും ഗുരുതര പരിക്കേറ്റ 30കാരനായ യുവാവിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയുടെ ബന്ധുക്കളായ മൂന്നുപേരെ കോട്ടക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചങ്കുവെട്ടി എടക്കണ്ടന്‍ അബ്ദുള്‍ അസീസിന്റെ മകന്‍ അബ്ദുള്‍ അസീബ് (30) നെയാണ് ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ അവിടെ നിന്നാണ് കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോയത്. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു.

ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീബ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതെന്നും അബ്ദുള്‍ അസീബ് പറഞ്ഞു. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് രക്ഷിച്ചത്. .കേസില്‍ മൂന്ന് പേരെ കോട്ടക്കല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ.ഷാജിയും സംഘവും അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി പോലീസ് പറഞ്ഞു, കോട്ടക്കല്‍ ചോലപ്പുറത്ത് മജീദ്, ഷഫീഖ്, അബ്ദുള്‍ ജലീല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

യുവാവ് മോശമായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്നാണ് ഭാര്യയുടെ ബന്ധുക്കള്‍ വിവാഹമോചനം ആവശ്യപ്പെട്ടത്. നേരത്തെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

 

Sharing is caring!