പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ ലഹരിവേട്ട

പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ ലഹരിവേട്ട

പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ ലഹരിവേട്ട. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന സിന്തറ്റിക് പാര്‍ട്ടി ഡ്രഗ് ഇനത്തില്‍പ്പെട്ട അതിമാരക മയക്കുമരുന്നായ എംഡിഎംഎ (മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍) പിടികൂടി. ക്രിസ്റ്റല്‍ രൂപത്തിലുള്ള 51 ഗ്രാം ലഹരിമരുന്നുമായാണ് പെരിന്തല്‍മണ്ണ പിടിഎം കോളേജ് പരിസരത്തുനിന്ന് ഒറ്റപ്പാലം സ്വദേശി അത്താണിക്കല്‍ മുഹമ്മദ് ഷാഫി (23) പിടിയിലായത്. മുഹമ്മദ് ഷാഫിയെ മുമ്ബ് ആറുകിലോ കഞ്ചാവുമായി പിടിച്ചിരുന്നു. പെരിന്തല്‍മണ്ണ എക്‌സൈസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ജില്ലയിലെ തന്നെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയിലൊന്നാണിത്. മലപ്പുറം ജില്ലയില്‍ യുവാക്കളുടെ ഇടയില്‍ സിന്തറ്റിക് മയക്കുമരുന്നുകളായ എംഡിഎംഎ, എല്‍എസ്എല്‍ഡി തുടങ്ങിയവയുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിമരുന്ന് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും ഗ്രാമിന് 1000 രൂപ നിരക്കില്‍ വാങ്ങി ട്രയിന്‍ മാര്‍ഗം കേരളത്തിലെത്തിച്ച് 5000 രൂപമുതല്‍ വിലയിട്ട് ഒരു ഗ്രാം വരുന്ന പായ്ക്കറ്റുകളിലാക്കി മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍, കോയമ്പത്തൂര്‍ ഭാഗങ്ങളിലെ ചെറുകിട വില്‍പനക്കാര്‍ക്ക് കൈമാറിയാണ് വില്‍പന. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സംഘമാണ് ഇത്തരം മയക്കുമരുന്നുകള്‍ മൊത്തവിതരണക്കാര്‍ക്ക് വില്‍പന നടത്തുന്നതെന്ന് സൂചന ലഭിച്ചു.

 

Sharing is caring!