മലപ്പുറത്തെ മൂന്നുപേര്‍ക്ക് ഉജ്ജ്വല ബാല്യം പുരസ്‌കാരം

മലപ്പുറത്തെ മൂന്നുപേര്‍ക്ക് ഉജ്ജ്വല ബാല്യം പുരസ്‌കാരം

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം 2020 വിജയികളെ പ്രഖ്യാപിച്ചു. ശിശുദിനത്തോടനുബന്ധിച്ച്
സംസ്ഥാന തലത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയികളെ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ നിന്നായി ജില്ലയില്‍ നിന്നുള്ള മൂന്നു കുട്ടികളാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്. ഭിന്നശേഷി വിഭാഗത്തില്‍ നിന്നും ഒന്‍പത്വയസുകാരി അല്‍വീന, ആറ് മുതല്‍12 വയസുവരെയുള്ള വിഭാഗത്തില്‍ 11 വയസുകാരി ശ്രേയ ബജിത്ത്, 12 മുതല്‍ 18 വയസുവരെയുള്ള വിഭാഗത്തില്‍ നിന്നും 13 വയസുകാരന്‍ മുഹമ്മദ് ഫാദിലുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

ഭിന്നശേഷി വിഭാഗത്തില്‍ നിന്നുള്ള അല്‍വീന കാഴ്ച പരിമിതികള്‍ക്കുള്ളില്‍ നിന്ന് കീ ബോര്‍ഡ് വായിക്കുകയും ആറ് ഭാഷയിലുള്ള നിറങ്ങള്‍, നമ്പറുകള്‍ പറഞ്ഞും പാട്ടുപാടിയും കഴിവ് തെളിയിച്ചപ്പോള്‍ പതിനൊന്ന് വയസുകാരി ശ്രേയ ബജിത്ത് കളരിപ്പയറ്റിലും പാട്ടിലും മികവ് തെളിയിച്ചു. കേരളത്തില്‍ നിന്നും ഖേലോ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി കൂടെയാണ് ശ്രേയ. ഇലക്ട്രോണിക്‌സ് റോബോട്ടിക്സ് വിഭാഗത്തിലെ മികച്ച പ്രകടനമാണ് മുഹമ്മദ് ഫാദിലിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തോടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ നിന്നും അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറ് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം നല്‍കുന്നത്.
പുരസ്‌കാരത്തിനായി ആറ് മുതല്‍ 11 വയസ്സുവരെയും 12 മുതല്‍ 18 വയസുവരെയുള്ള രണ്ട് വിഭാഗങ്ങളിലായാണ് കുട്ടികളെ പരിഗണിക്കുന്നത്. ഓരോ കുട്ടിക്കും പുരസ്‌കാരാവും 25000 രൂപ വീതമാണ് നല്‍കുന്നത്. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കുകയും ആറ് മുതല്‍ 11 വയസ്സുവരെയും 12 മുതല്‍ 18 വയസുവരെയുള്ള രണ്ട് വിഭാഗങ്ങളായി തരംതിരിച്ച് തിരഞ്ഞെടുക്കുന്ന ഒരു കുട്ടിക്ക് പുരസ്‌കാരാവും 25000 രൂപ വീതമാണ് നല്‍കും. 2020 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം ലഭിച്ച കുട്ടികളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.
ആകെ ലഭിച്ച 24 അപേക്ഷകളില്‍ നിന്ന്
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച
എട്ട് പേരെയാണ് അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്.

ഉജ്ജ്വല ബാല്യം പുരസ്‌ക്കാരത്തിനായുള്ള സെലക്ഷനില്‍ ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.പി.ഷാജേഷ് ഭാസ്‌ക്കര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി, വനിതാ ശിശുവികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് വി. വാസുദേവന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, നര്‍ത്തകി വി.പി.മന്‍സിയ തുടങ്ങിയവരാണ് പങ്കെടുത്തിരുന്നത്.

 

Sharing is caring!