മലപ്പുറം നിലമ്പൂരില്‍ ആണ്‍ കുട്ടികളെ ഉപയോഗിച്ചും ഹണി ട്രാപ്, തട്ടിയത് അഞ്ച് ലക്ഷം രൂപ, രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം നിലമ്പൂരില്‍ ആണ്‍ കുട്ടികളെ ഉപയോഗിച്ചും ഹണി ട്രാപ്, തട്ടിയത് അഞ്ച് ലക്ഷം രൂപ, രണ്ടുപേര്‍ അറസ്റ്റില്‍

നിലമ്പുര്‍: ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ് നടത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നിലമ്പുര്‍ സ്വദേശി തുപ്പിനിക്കാടന്‍ ജംഷീര്‍ എന്ന ബംഗാളി ജംഷീര്‍ (31), കൂട്ടുപ്രതി മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കല്‍ ഷമീര്‍ (21) എന്നിവരെയാണ് നിലമ്പുര്‍ സി.ഐ. ടി.എസ് ബിനു അറസ്റ്റ് ചെയ്തത്. ഈ സംഘംകെണിയില്‍പ്പെടുത്തി മര്‍ദിച്ചു ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടി എടുത്തുവെന്ന് കാണിച്ച് ഇരയായ ഒരു മധ്യ വയസ്‌കന്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. ബംഗാളി ജംഷീറാണ് സംഘ തലവന്‍. വാഹന ഫിനാന്‍സ് ഇടപാടിനെന്ന പേരില്‍ നിലമ്പുര്‍ ഒ.സി.കെപടിയിലെ ജംഷീറിന്റെ ഓഫിസ് കേന്ദ്രീകരിച്ചാണ് ഗുണ്ട പ്രവര്‍ത്തനം. നിരവധി പേര് സംഘത്തിന്റെ കെണിയില്‍പ്പെട്ടു പണവും നഷ്ടപ്പെട്ടു മര്‍ദനവും സഹിക്കേണ്ടി വന്നിട്ടുണ്ട്. പ്രത്യേകം പരിശീലിപ്പിച്ച ബാലന്മാരെയും യുവാക്കളെയും സംഘത്തില്‍ കൂട്ടുന്നത് ജംഷീറാണ്. കൂലിതല്ല്, ക്വട്ടേഷന്‍, തീവെപ്പ് കേസ്, നിലമ്പുര്‍ രാധാ കേസ് ഉള്‍പ്പെടെ വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ബംഗാളി ജംഷീറെന്നും പൊലിസ് പറഞ്ഞു. വന്‍ തോതില്‍ ആന്ധ്രയില്‍ നിന്നും മയക്കുമരുന്ന് കടത്തിയതിനു സംസ്ഥാനത്തിന് അകത്തും പുറത്തുമായി സംഘത്തിലെ ചില യുവാക്കള്‍ പലപ്പോഴായി പിടിയിലായി ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. നേരത്തെ ബാലപീഡനത്തിന് പോക്സോ കേസില്‍ ഷമീറും പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്. സാമ്പത്തിക ശേഷിയുള്ള സമൂഹത്തിലെ സ്വീകാര്യതയുള്ളവരെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കു വിളിച്ചു വരുത്തും. പ്രത്യേക്യം പരിശീലിപ്പിച്ച ബാലന്മാരെ കൂടെ നിര്‍ത്തി വീഡിയോയും ഫോട്ടോയും എടുക്കും. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു അപമാനിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്.
നവംബര്‍ മൂന്നിന് ഒരു പോക്സോ കേസില്‍ മമ്പാട് മേപ്പാടം വള്ളിക്കാടന്‍ അയ്യുബ് (30), ചന്ദ്രോത്ത് അജിനാസ് (30) എന്നിവരെ നിലമ്പുര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അനേഷണത്തിലാണ് ഇത്തരത്തിലുള്ള തട്ടിപ്പിനെ കുറിച്ച് പോലിസിന് വിവരം ലഭിച്ചത്. അവരും ഈ കേസിലും ഉള്‍പ്പെട്ടിള്ളതായാണ് വിവരം. പുതിയതായി വാങ്ങിയ ടാറ്റാ നെക് സോണ്‍ കാര്‍ സര്‍വിസ് ചെയ്യാന്‍ ജംഷീര്‍ പേരിന്തല്‍മണ്ണയിലെ ഷോറൂമിലെത്തിയതായി പൊലിസിന് രഹസ്യ വിവരം ലഭിച്ചതോടെ അവിടെ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഷമീറിനെ മമ്പാടുനിന്നുമാണ് പിടികൂടിയത്.
ഡി.വൈ.എസ്.പി സാജു .പി. എബ്രഹാമിന്റെ നേതൃത്വത്തില്‍ സി.ഐ ടി.എസ് ബിനു, എസ്.ഐമാരായ നവീന്‍ഷാജ്, എം .അസൈനാര്‍, എ.എസ്.ഐ അന്‍വര്‍ സാദത്ത്, സ്‌ക്വാഡ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, കെ.ടി ആഷിഫലി, ഷിഫിന്‍ കുപ്പനത്ത് എന്നിവരാണ് അനേഷണ സംഘത്തിലുള്ളത്.

തട്ടിപ്പ് രീതി ഇങ്ങനെ

ഓരോ ഇരയെയും അവരെ വിളിച്ചു വരുത്തേണ്ട സൗകാര്യ പ്രദമായ സ്ഥലങ്ങളും നേരത്തെ കണ്ടെത്തും. തുടര്‍ന്ന് ബാലന്മാരെയും സ്ഥലത്തു മുന്‍കൂട്ടി എത്തിച്ചു പരിശീലനം കൊടുക്കും. കെണിയില്‍ വീഴുന്നവരെ ബാലന്റെ ബന്ധുക്കളാണെന്നും പറഞ്ഞു സംഘത്തിലെ ചില ആളുകള്‍ പെട്ടെന്ന് ഓടിയെത്തി മോചിപ്പിച്ചു ഇരയെ മര്‍ദിക്കും. ഇതിനിടെ മറ്റൊരു സംഘം വന്നു ഇരയെ മര്‍ദനത്തില്‍ നിന്നും രക്ഷപ്പെടുത്തി സമാധാനിപ്പിച്ചു പ്രശ്നം പരഹരിക്കാം എന്നുപറഞ്ഞു വാഹനത്തില്‍ കയറ്റി നിലമ്പുര്‍ ഒ.സി.കെ ഓഡിറ്റോറിയത്തിന് സമീപമുള്ള ബംഗാളി ജംഷീറിന്റെ ആഡംബര ഓഫിസിലേക്ക് കൂട്ടി കൊണ്ടുവരികയും അവിടെ വച്ച് ജംഷിര്‍ വക്കീല്‍ ഗുമസ്ഥാനായി അഭിനയിക്കുകയും വക്കീല്‍മാരെയും പൊലിസ് ഓഫിസര്‍മാരെയും വിളിക്കുന്ന പോലെ കാണിച്ച് ഇരയെ സമ്മര്‍ദത്തിലാക്കി വലിയ തുകക്ക് ഒത്തു തീര്‍പ്പാക്കും. തുച്ഛമായ തുകയോ ഭക്ഷണം വസ്ത്രം എന്നിവ വാങ്ങികൊടുത്തു ബാലന്മാരെ പറഞ്ഞുവിടും. വലിയ പങ്ക് ജംഷി കൈക്കലാക്കും. വീതം വെപ്പില്‍ തര്‍ക്കിക്കുന്നവരെ ഭയപ്പെടുത്തി ഒഴിവാക്കുകയാണ് പതിവ്. വീടും കാറുമൊക്കെ ഇത്തരത്തില്‍ പണം സംഘടിപ്പിച്ചാണ് ആഢംബര ജീവിതം നയിക്കുന്നത്.
ഈ സംഘം ഇത്തരത്തില്‍ പലരെയും കെണിയില്‍പെടുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. പലരും സംഘത്തിന്റെ ഭീഷണി ഭയന്നും നാണക്കേട് കൊണ്ടും പരാതിയുമായി വരാന്‍ തയ്യാറാകാത്തതാണ് സംഘത്തിന് സഹായമാവുന്നത്.

 

Sharing is caring!