അല്ലാമാഇഖ്ബാലിന് കൈകളാല്‍ ഉയര്‍ത്തിയെ… ഖാഇദെമില്ലത്ത് അതേറ്റ് പാടിയേ..

നൗഷാദ് മണ്ണിശ്ശേരി
ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും പ്രതിഭാധനനായ ദാര്‍ശനിക കവിയാണ് ഡോ. സര് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍. കവിയും രാഷ്ട്രീയക്കാരനും ദാര്‍ശനിക ചിന്തകനുമായ ഒരേയൊരു വ്യക്തിത്വമാണ് ഇഖ്ബാല്‍. പരിശുദ്ധമായ ഇസ്ലാമിന്റെ സൗന്ദര്യവും സൗരഭ്യവും പ്രഭാവവും ഖുര്‍ആന്റെ പ്രകാശവും പ്രവാചക സ്നേഹവും എല്ലാം ലോകത്തിന് മനസ്സിലാക്കി കൊടുത്ത യുഗപ്രഭാവനായ മനീഷിയായിരുന്നു ഇഖ്ബാല്‍. വ്യക്തികളെയും രാഷ്ട്രത്തെയും സമൂഹത്തെയും മൂല്യച്യുതിയില് നിന്ന് മാറ്റി നിര്‍ത്തി ഓരോരുത്തരിലും ആത്മവീര്യവും അന്വേഷണതൃഷ്ണയും സൃഷ്ടിക്കാന്‍ കഴിയുന്ന ശൈലിയായിരുന്നു ഇഖ്ബാല്‍ കവിതകളുടെ പ്രത്യേകത. ഇന്ത്യന്‍ പട്ടാളത്തിലെ ഒഫീഷ്യല്‍ സോങ്ങായ ‘സാരെ ജഹാന്‍സെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ’ എന്ന കവിത കേള്‍ക്കുമ്പോള്‍ ഏതൊരു ദേശാഭിമാനിക്കാണ് ആത്മഹര്‍ഷം ഉണ്ടാകാതിരിക്കുക. ഓരോ മുസ്ലിംലീഗുകാരനും ഇഖ്ബാലിനെ കുറിച്ചുള്ള അഭിമാനബോധം എന്നത് അദ്ദേഹം ഒരു മുസ്ലിംലീഗ് നേതാവായിരുന്നു എന്നത് തന്നെയാണ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വമാണ് ഇഖ്ബാല്‍. അദ്ദേഹത്തിന്റെ ഭാവനയാണ് പാക്കിസ്ഥാന് എന്ന് പലരും പറയാറുണ്ട്. അദ്ദേഹം പണ്ഡിറ്റ് നെഹ്റുവിന് എഴുതുന്ന ഒരു കത്തുണ്ട് മുസ്ലിം ദേശീയതയെ കുറിച്ച്. അത് ഇന്ന് നാം കാണുന്ന പാകിസ്ഥാനെ കുറിച്ചല്ല. മഹാനായ ഖാഇദെ അഅ്സം മുഹമ്മദലി ജിന്നാ സാഹിബ് അതിനെ കുറിച്ച് പറഞ്ഞത് അതൊരു കവിയുടെ ഭാവനാവിലാസം മാത്രമാണ് എന്നാണ്. അത് വിശദമായ മറ്റൊരു വിഷയം ആയതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. ജിന്നാ സാഹിബുമായി ഇഖ്ബാലിന് വലിയ ആത്മബന്ധം ഉണ്ടായിരുന്നു. 1930ലെ ലാഹോര്‍ സമ്മേളനത്തില്‍ വച്ച് അദ്ദേഹം ലീഗിന്റെ അധ്യക്ഷനാവുന്നുണ്ട്. പഞ്ചാബ് സംസ്ഥാനലീഗിന്റെ നേതാവായിരിക്കെ പഞ്ചാബിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി (എം.എല്‍.സി) ഇതൊക്കെ തെളിയിക്കുന്നത് അദ്ദേഹം നല്ലൊരു രാഷ്ട്രീയക്കാരനായിരുന്നു എന്നാണ്. ഇരുപതാം നൂറ്റാണ്ടിലെ ലോകസാഹിത്യ നഭസ്സില്‍ തിളങ്ങിനിന്ന പ്രതിഭാധനനായ ഒരു ഷൈനിംഗ് സ്റ്റാര്‍ ആയിരിക്കുമ്പോഴും മുസ്ലിം രാഷ്ട്രീയത്തിന്റെ സംഘശക്തിക്ക് അദ്ദേഹം ഊര്‍ജ്ജം പകര്‍ന്നു. ഖുര്‍ആനികമായ ഒരു വ്യക്തിത്വം ഉണ്ടായിരുന്നു ഇഖ്ബാലിന്. ഖുര്ആനികമായിട്ടല്ലാതെ ഞാന്‍ ഇതുവരെ ഒരു രചനയും നടത്തിയിട്ടില്ല എന്ന് എപ്പോഴും അദ്ദേഹം പറയുമായിരുന്നു. തൊണ്ട രോഗം ബാധിച്ച് ശബ്ദം പുറത്തുവരാന്‍ പ്രയാസപ്പെട്ട ഘട്ടത്തില്‍ നല്ല ഈണത്തില്‍ പാടാന്‍ കഴിയാതെ വന്നപ്പോള്‍ പത്രപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്. അങ്ങേക്ക് ഇത്തരമൊരു അവസ്ഥയില്‍ മനസ്സിനെ വേട്ടയാടുന്ന എന്ത് വേദനയാണ് ഉള്ളത്. എനിക്ക് ഉച്ചത്തില്‍ ഖുര്‍ആന്‍ ഓതാന്‍ കഴിയുന്നില്ലല്ലോ എന്നതാണ് എന്റെ വിഷമം എന്ന് അദ്ദേഹം പറഞ്ഞതായി അല്ലാമ ഇഖ്ബാലിന്റെ ജീവചരിത്രകാരനായ മാത്യു അര്‍നോള്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്യു അര്‍നോള്‍ഡ് ജീവചരിത്രകാരന്‍ ആവുന്നതിനു മുമ്പ് ഇഖ്ബാലിന്റെ ഗുരുവും പിന്നെ ശിഷ്യനുമായ അത്ഭുത സംഭവവും ഉണ്ട്.
കാജാ മുഈനുദ്ദീന് ചിശ്തിയുടെ വലിയ ആഷിഖായിരുന്നു ഇഖ്ബാല്‍. അല്ലാമയുടെ പ്രവാചക സ്നേഹവും പ്രവാചക കീര്‍ത്തനത്തിന്റെ മഹത്വവും പറഞ്ഞാല്‍ തീരില്ല.
എങ്കിലും അല്ലാമ ഇഖ്ബാലിനെ ഇന്ന് പല ദേശീയ നേതാക്കളെയും വിസ്മരിച്ച കൂട്ടത്തില്‍ നമ്മള് വിസ്മരിച്ചു. 1947ല്‍ ചരിത്രം അനിവാര്യമാക്കിയ ചില തീരുമാനങ്ങള്‍ ദേശീയനേതൃത്വം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ എടുത്തതിന്റെ പേരില്‍ നമ്മുടെ പാരമ്പര്യവും നമുക്ക് ഊര്‍ജ്ജം പകര്‍ന്നവരെയും നമ്മുടെ ഊര്‍ജ്ജസ്രോതസ്സുകളെയും നമ്മള് വിസ്മരിക്കാന്‍ പാടില്ല. സമുദ്രത്തിന്റെ മുകള്‍പ്പരപ്പില്‍ ചെറുമത്സ്യങ്ങളെ തെരഞ്ഞുനടന്ന സാഹിത്യകാരനായിരുന്നില്ല അദ്ദേഹം. ആഴങ്ങളില്‍ മുങ്ങി പവിഴങ്ങളും മുത്തുകളും വാരിക്കൂട്ടി ലോകത്തിന് ദാര്‍ശനിക വെളിച്ചം പകരുകയായിരുന്നു ഇഖ്ബാല്‍. അദ്ദേഹം ഒരു കവിതയില്‍ പറയുന്നുണ്ട്. പള്ളി മിനാരങ്ങളില്‍ നിന്ന് ബാങ്കൊലി കേള്‍ക്കുന്നുണ്ട് പക്ഷേ ബിലാലിന്റെ ആത്മാവ് എവിടെ.
നമ്മുടെ പ്രിയങ്കരനായ നേതാവ് ഇ.അഹമ്മദ് സാഹിബ് ‘ഇന്ത്യന്‍ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ കഥ’ എന്ന ഗ്രന്ഥത്തില്‍ അല്ലാമാ ഇക്ബാലിനെ കുറിച്ച് ഒരു അധ്യായം തന്നെ എഴുതിയിട്ടുണ്ട്. ചില ഗാനങ്ങളിലെ വരികളില്‍ മാത്രമായി നാം ഇഖ്ബാലിനെ കുറിച്ചുള്ള ഓര്‍മ്മകളെ ഒതുക്കി.
സര് സയ്യിദിന്റെ ചിന്തകളില്‍ നിന്ന് തുടങ്ങി ഇഖ്ബാലിലൂടെ മുസ്ലിംലീഗിന് ജിന്നയിലെത്തി.
ഉയരെ നീ പാറുക നീ ഭാരതമാകെ
അല്ലാമാ ഇഖ്ബാലിന് കൈകളാല്‍ ഉയര്‍ത്തിയെ
മൗലാന മുഹമ്മദലി തക്ബീര്‍ മുഴക്കിയെ
ഖാഇദെമില്ലത്ത് അതേറ്റ് പാടിയേ
തുടങ്ങിയ പാട്ടുകളില്‍ മാത്രമായി നമ്മള് ആ സ്മരണ ചുരുക്കി കളഞ്ഞു.
ഈ ദാര്‍ശനിക കവിയെ മനസ്സിലാക്കാനും പഠിക്കാനും നാം ഇനിയും സമയം വൈകിക്കൂട.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി