മഞ്ചേരി നഗരസഭാ കാര്യാലയത്തില്‍ കൂട്ടത്തല്ല് : അദ്ധ്യക്ഷയടക്കം അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മഞ്ചേരി നഗരസഭാ കാര്യാലയത്തില്‍ കൂട്ടത്തല്ല് : അദ്ധ്യക്ഷയടക്കം അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മഞ്ചേരി : മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സന്റെ ഓഫീസില്‍ കൂട്ടത്തല്ല്. നഗരസഭാദ്ധ്യക്ഷ വി എം സുബൈദ, ഉപാദ്ധ്യക്ഷ അഡ്വ. ബീന ജോസഫ് എന്നിവരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സറീന ജവഹര്‍, കുമാരി, സുനിത എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നഗരസഭയിലെ ഇടതുപക്ഷ വാര്‍ഡുകളിലേക്ക് ഫണ്ട് അനുവദിക്കുന്നതില്‍ വിവേചനം കാണിക്കുന്നുവെന്ന പരാതി പറയാന്‍ എത്തിയതായിരുന്നു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. 24ാം വാര്‍ഡിലെ പ്രവൃത്തിക്ക് ടെന്റര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. നെല്ലിക്കുത്ത് മുക്കം റോഡിന് ടെന്റര്‍ വിളിച്ചതില്‍ കുറഞ്ഞ തുക ഓഫര്‍ ചെയ്ത കരാറുകാരനെ ഒഴിവാക്കി മുസ്ലിം ലീഗ് നേതാവും മുന്‍ സ്ഥിരസമിതി അദ്ധ്യക്ഷനുമായ കരാറുകാരന് നല്‍കിയെന്നാണ് ആരോപണം. ഇതിനായി ടെന്റര്‍ ഫോമില്‍ വെട്ടിത്തിരുത്ത് നടത്തിയതായും ഇവര്‍ ചൂണ്ടിക്കാട്ടി. ഫയല്‍ പരിശോധിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ യു ഡി എഫ് പ്രവര്‍ത്തകര്‍ ചേംബറിലേക്ക് കയറുകയും പ്രശ്‌നത്തില്‍ ഇടപെടുകയുമായിരുന്നു. യു ഡി എഫ് പ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും ചേരിതിരിഞ്ഞ് വാഗ്വാദം തുടങ്ങുകയും കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. വനിതാ കൗണ്‍സിലര്‍മാര്‍ വരെ അക്രമത്തിന് വിധേയരായി. തുടര്‍ന്ന് പ്രതിപക്ഷ കൗണ്‍സലര്‍മാര്‍ നഗരസഭാ കാര്യായലത്തിന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Sharing is caring!