കോട്ടയ്ക്കലില്‍ പീഡനത്തിനിരയായ 17കാരി യൂട്യൂബ് നോക്കി പരസഹായമില്ലാതെ വീട്ടിനുള്ളില്‍ പ്രസവിച്ചു

കോട്ടയ്ക്കലില്‍ പീഡനത്തിനിരയായ 17കാരി യൂട്യൂബ് നോക്കി പരസഹായമില്ലാതെ വീട്ടിനുള്ളില്‍ പ്രസവിച്ചു

കോട്ടയ്ക്കല്‍: കോട്ടയ്ക്കലില്‍ പീഡനത്തിനിരയായ 17കാരി യൂട്യൂബ് നോക്കി പരസഹായമില്ലാതെ വീട്ടിനുള്ളില്‍ പ്രസവിച്ചു. ഈമാസം 20നാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ വീട്ടുകാരറിയാതെ പെണ്‍കുഞ്ഞിന് ജന്മമേകിയത്. പ്രസവത്തിന്റെ രീതിയും പൊക്കിള്‍ക്കൊടി മുറിക്കുന്നതുമെല്ലാം യൂട്യൂബിലൂടെ കണ്ടു പഠിക്കുകയായിരുന്നു. പ്രസവിച്ച് മൂന്നുദിവസത്തിന് ശേഷം ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസിയായ 21കാരനെ പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

കാഴ്ചാപരിമിതിയുള്ള അമ്മയെയും സെക്യൂരിറ്റി ജീവനക്കാരനായ അച്ഛനെയും വിവരം അറിയിക്കാതെയാണ് പെണ്‍കുട്ടി വീട്ടില്‍ പ്രസവിച്ചത്. വീട്ടിലെ സാഹചര്യം മുതലെടുത്ത പ്രതി പ്രണയം നടിച്ച് പെണ്‍കുട്ടിയെ പലതവണ വീട്ടിലെത്തി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. പരസഹായമില്ലാതെയാണ് പ്രസവിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി പൊലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.

പെണ്‍കുട്ടി ഗര്‍ഭിണിയായ ശേഷം രണ്ടുതവണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെങ്കിലും ആശുപത്രി അധികൃതര്‍ ഇങ്ങനെയൊരു വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നില്ല. പ്രായം മറച്ചുവച്ചതാണോ കാരണമെന്നതടക്കം അന്വേഷിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌ക്കര്‍ പറഞ്ഞു. പെണ്‍കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതോടെ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മാതാവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കോട്ടയ്ക്കല്‍ എസ്.എച്ച്.ഒ എം.കെ.ഷാജി പറഞ്ഞു.

 

Sharing is caring!