മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട മലപ്പുറം എടക്കരയിലെ യുവതിയെ പ്രണയം നടിച്ച് കൂടെ കൂട്ടി സ്വര്‍ണാഭരണവും പണവും കൈക്കലാക്കി മുങ്ങിയ യുവാവ് പിടിയില്‍

മലപ്പുറം: മൊബൈല്‍ വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് യുവതിയെ ഊട്ടിയിലും മൈസൂരിലും കൊണ്ടുപോയി യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയും, സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്ത ശേഷം കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിട്ട പ്രതി പിടിയില്‍. തൃശൂര്‍ വടക്കാഞ്ചേരി പാര്‍ലിക്കോട് സ്വദേശി കൊട്ടിലിങ്ങല്‍ റഷീദിനെയാണ് (40) എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 2012 ല്‍ എടക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി ആറ്റൂരിലുള്ള സോഫാ നിര്‍മാണ കമ്പനിയില്‍ വെച്ച് ബുധനാഴ്ച ഇയാളെ രാത്രി പിടികൂടിയത്. മൊബൈല്‍ വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് ഊട്ടി, മൈസൂരു എന്നിവിടങ്ങളില്‍ കൊണ്ടുപോയി യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയും, സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയ ശേഷം കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിട്ട ശേഷം മുങ്ങുകയും ചെയ്തുവെന്നായിരുന്നു കേസ്. ഒളിവിലായ പ്രതിക്കെതിരെ 2016 ല്‍ നിലമ്പുര്‍ കോടതി ജാമ്യമില്ല അറസ്റ്റ് വാറണ്ട് ഉത്തരവിട്ടിരുന്നു. പിടികിട്ടാപുള്ളിയായ പ്രതി 2021 ല്‍ കൊണ്ടോട്ടിയില്‍ മറ്റൊരു യുവതിയെ പരിചയപ്പെട്ട് പീഡിപ്പിച്ച കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. മൂന്ന് മാസം മുമ്പാണ് കോഴിക്കോട് ജില്ല ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയത്. വര്‍ഷങ്ങളോളം നാടുവിട്ട് കഴിഞ്ഞ പ്രതിയെ കുറിച്ച് 11വര്‍ഷമായി വീട്ടുകാര്‍ക്കും യാതൊരു വിവരവുമില്ലായിരുന്നു. ജില്ല പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക സംഘം നിലമ്പൂര്‍ ഡിവൈ.എസ്.പി സജു കെ. എബ്രാഹാമിന്റെ നേതൃത്വത്തില്‍ എടക്കര ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത് ലാല്‍, സ്പെഷല്‍ ടീം അംഗങ്ങളയ എസ്.ഐ എം. അസൈനാര്‍, അഭിലാഷ് കൈപ്പിനി, ജിയോ ജേക്കബ്, നിബിന്‍ദാസ്, ആസിഫലി എന്നിവരടങ്ങിയ അന്വേഷണ സംഘം ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നിലമ്പുര്‍ കോടതി റിമാന്‍ഡ് ചെയ്തു.

 

Sharing is caring!