കരിപ്പൂര്‍ എയര്‍പോര്‍ട്ട് വികസനത്തിന് 248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

കരിപ്പൂര്‍ എയര്‍പോര്‍ട്ട് വികസനത്തിന് 248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന്  ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട്  അതോറിറ്റിക്ക് കൈമാറാന്‍ ധാരണയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.  എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട്  ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍  ധാരണയായത്. കോഴിക്കോട് എയര്‍പോര്‍ട്ടിന് രണ്ടാമാതൊരു ടെര്‍മിനല്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യം  യോഗം തള്ളിക്കളയുകയും പകരം നിലവിലുള്ള റണ്‍വേയുടെ വികസനമാണ് പ്രായോഗികമെന്ന്  വിലയിരുത്തുകയും ചെയ്തതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.  248.75 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഇതിനായി ഏറ്റെടുക്കുക. 96.5 ഏക്കര്‍ ഭൂമി റണ്‍വേക്കും 137 ഏക്കര്‍ ഭൂമി ടെര്‍മിനലിനും 15.25 ഏക്കര്‍ ഭൂമി കാര്‍ പാര്‍ക്കിങിനുമായാണ് ആവശ്യമുള്ളത്. ഇത് സര്‍ക്കാര്‍ ഏറ്റെടുക്കും. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ മതിയായ നഷ്ടപരിഹാരം നല്‍കി കൊണ്ട് മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ. മന്ത്രിമാരും ജനപ്രതിനിധികളും ഒരേ മനസ്സോടെ ഇക്കാര്യത്തില്‍ മുന്നോട്ടു നീങ്ങാന്‍  തീരുമാനിച്ചു.

വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താനുള്ള നടപടികള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രിയുമായി ചര്‍ച്ച നടത്തും. കരിപ്പൂരില്‍ വിമാന അപകടം ഉണ്ടായത്  റണ്‍വേയുടെ അപര്യാപ്തത കൊണ്ടല്ല എന്ന് വ്യക്തമായ സ്ഥിതിക്ക് വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ നിലവില്‍ തടസമില്ല.  കാര്‍ഗോ സര്‍വീസ് പുനരാരംഭിക്കണം. അതുവഴി മാത്രമേ കയറ്റുമതി മെച്ചപ്പെടുകയുള്ളൂ.

കാലിക്കറ്റ് എയര്‍പോര്‍ട്ട് ഓഫീസില്‍ ചേര്‍ന്ന  യോഗത്തില്‍  എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ രാഘവന്‍, എം.പി അബ്ദുസമദ് സമദാനി, എം.എല്‍.എമാരായ ടി.വി ഇബ്രാഹീം, പി. അബ്ദുള്‍ ഹമീദ്, ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്‍. മഹാലിംഗം, സബ്കലക്ടര്‍ ശ്രീധന്യസുരേഷ് എന്നിവര്‍ പങ്കെടുത്തു.

Sharing is caring!