കാണാതായ മുണ്ടിയമ്മയെ ആറാം നാള്‍ കണ്ടെത്തിയ ആശ്വാസത്തില്‍ മലപ്പുറം എടയൂര്‍ സ്വദേശികള്‍

കാണാതായ മുണ്ടിയമ്മയെ ആറാം നാള്‍ കണ്ടെത്തിയ ആശ്വാസത്തില്‍ മലപ്പുറം എടയൂര്‍ സ്വദേശികള്‍

വളാഞ്ചേരി: എടയൂര്‍ ചേനാടന്‍ കുളമ്പില്‍ നിന്നും കാണാതായ കാരായിപറമ്പില്‍ മുണ്ടിയമ്മ (77)യെ ആറാം ദിവസം കണ്ടെത്തി.ഒക്ടോബര്‍ 10 ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വയോധികയെ കാണാതാവുന്നത്.നാട്ടുകാരുടെ ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു അവര്‍. എല്ലാ ദിവസവും വീട്ടില്‍ നിന്നും ഇറങ്ങി ചുണ്ണാമ്പ് ,വെറ്റില എന്നിവ അന്വേഷിച്ച് പരിസരങ്ങളിലുള്ള വിവിധ വീടുകളില്‍ എത്താറുണ്ട്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ ഉച്ചക്ക് 1.15 ഓടെ ഇരുപത്തി എട്ടോളം വീടുകളില്‍ കയറിയിരുന്നു. പോലീസിന്റെ അന്വേഷണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ സി.സി.ടി.വികള്‍ പരിശോധിക്കുകയും കൃത്യമായ റൂട്ട് മാപ്പ് തയ്യാറാക്കുകയും ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് വെളളിയാഴ്ച അഞ്ച് സ്‌ക്വാഡായി തിരിഞ്ഞ് രാവിലെ 8.30 ഓടെ തെരച്ചില്‍ ആരംഭിച്ചത്. ആര്‍.പി.എഫ്, ട്രോമോ കെയര്‍ വളണ്ടിയര്‍മാര്‍, ഐഡിയല്‍ റിലീഫ് വിങ് വൊളണ്ടിയര്‍സ് (ഐ.ആര്‍.ഡബ്ല്യു), വളാഞ്ചേരി എമര്‍ജന്‍സി ഫോഴ്‌സ്, ജനപ്രതിനിധികള്‍, നാട്ടുകാരും ഉള്‍പ്പെടുന്ന സംഘം ചേനാടന്‍ കുളമ്പിലെ ദുര്‍ഘട പ്രദേശങ്ങളിലാണ് ആദ്യം തിരിച്ചില്‍ തുടങ്ങിയത്. രാവിലെ 10 മണിയോടെ കരിങ്കല്‍ ക്വാറിക്ക് സമീപം പൊന്തക്കാട്ടില്‍ നിന്നും വെറ്റിലയും, ചെരിപ്പും, തോര്‍ത്ത് മുണ്ടും കണ്ടെത്തിയത് പ്രതീക്ഷ നല്‍കി. തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായി നടത്തിയ അന്വേഷണത്തിലൊടുവിലാണ് ചെങ്കുത്തായ ചെരിവില്‍ വാഴത്തോട്ടത്തിന് സമീപം അബോധവസ്ഥയിലായ മുണ്ടിയമ്മയെ കണ്ടെത്തിയത്.
ഇവരുടെ വീട്ടില്‍ നിന്നും രണ്ട് കി.മീറ്ററനുളളിലാണ് ഈ ചെങ്കുത്തായ പ്രദേശം.ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളൊന്നും നഷ്ടപ്പെട്ടിരുന്നില്ല.
അവശനിലയിലായ ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരൂര്‍ ഡി.വൈ.എസ്.പി വി.വി. ബെന്നി, വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച് ഒ കെ.ജെ. ജിനേഷ്, എസ്.ഐ മാരായ റഫീഖ്, സുധീര്‍, സി.പി.ഒ മാരായ രാധാകൃഷ്ണപിള്ള, മോഹനന്‍, അന്‍സാര്‍, ജോണ്‍സന്‍, ക്ലിന്റ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

 

Sharing is caring!