മലപ്പുറത്തെ ദേശീയ താരത്തിന് വീടു പണിയാന്‍ മുന്‍താരങ്ങളും കൂട്ടുകാരും ഒന്നിക്കുന്നു

തേഞ്ഞിപ്പലം: ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത ഖൊ-ഖൊ താരത്തിന് വീട് വെയ്ക്കാന്‍ മുന്‍താരങ്ങളും അധ്യാപകരും സഹപാഠികളും ഒത്തുചേരുന്നു. കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷനില്‍ രണ്ടാം വര്‍ഷ ബി.പി.എഡ്. വിദ്യാര്‍ഥിയായ എസ്. അഖിലക്ക് വേണ്ടിയാണ് കളത്തിന് പുറത്തെ ‘ ടീം വര്‍ക്ക് ‘.
ആദ്യഗഡുവായി 1.02 ലക്ഷം രൂപ കൈമാറി. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ സ്വദേശിനിയായ അഖില, കൂലിപ്പണിക്കാരനായ ആലപ്പുറത്ത് വീട്ടില്‍ സുനില്‍ കുമാര്‍-സിന്ധു ദമ്പതിമാരുടെ മകളാണ്. മാതാപിതാക്കള്‍ക്കൊപ്പം വാടകവീട്ടിലാണ് താമസം.
കഴിഞ്ഞവര്‍ഷം അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ റണ്ണേഴ്സ്അപ്പ് കിരീടം നേടിയ കാലിക്കറ്റ് സര്‍വകലാശാലാ ടീമില്‍ അഖിലയും ഉണ്ടായിരുന്നു. ദേശീയ ജൂനിയര്‍, സീനിയര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. ആറ്റിങ്ങലില്‍ സ്വന്തമായി വീട് നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും സാമ്പത്തികപ്രതിസന്ധി കാരണം പണി മുടങ്ങിയിരിക്കുകയാണ്.
പഠനം പൂര്‍ത്തീകരിക്കുന്നതിന് മുമ്പേ തന്നെ അഖിലയുടെ വീട് പൂര്‍ത്തിയാക്കാനായി മുന്നിട്ടിറങ്ങാനാണ് കായികവിഭാഗത്തിന്റെ തീരുമാനം. ചടങ്ങില്‍ കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ തുക കൈമാറി. ഖൊ-ഖൊ പരിശീലകന്‍ ഡോ. കേശവദാസ്, കായികവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു, ഡോ. ബിനോയ്, മുന്‍ ഖൊ-ഖൊ താരങ്ങളുടെ കൂട്ടായ്മയുടെ ഭാരവാഹിയായ പ്രസാദ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

Sharing is caring!