അതൊക്കെ കൈയ്യില്‍ വെച്ചാല്‍ മതി, ജലീലിന്റെ ആരോപണം അവഗണിക്കേണ്ടത്: കുഞ്ഞാലിക്കുട്ടി

അതൊക്കെ കൈയ്യില്‍ വെച്ചാല്‍ മതി, ജലീലിന്റെ ആരോപണം അവഗണിക്കേണ്ടത്: കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ നടത്തിയ പ്രസ്താവനക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി. ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ തുടര്‍ച്ചയായി അവഗണിച്ചേ പറ്റുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ‘ജലീലിന്റെ ആരോപണം അവഗണിക്കുന്നു. തുടര്‍ച്ചയായ ആരോപണങ്ങളില്‍ ചിലത് തുടര്‍ച്ചയായി തന്നെ അവഗണിച്ചേ പറ്റൂ. കൂടുതല്‍ ഒന്നും പറയാനില്ല’ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ജലീല്‍ നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ചുകൊണ്ട് നേരത്തേ കെ.മുരളീധരനും എത്തിയിരുന്നു. കെ.ടി ജലീലിന്റെ സമനില തെറ്റിയെന്നും ജലീലിന്റെ വായില്‍ നിന്ന് വരുന്നതിനെ മൂക്കറ്റം അഴിമതിയില്‍ മുങ്ങിയ ഒരാളുടെ ജല്‍പ്പന്നങ്ങളായി മാത്രം കണ്ടാല്‍ മതിയെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.
ജലീല്‍ നടത്തിയ ആരോപണം തരംതാണുപോയെന്നും മരണത്തെപോലും ദുരൂഹമാക്കാന്‍ ശ്രമിക്കുകയാണ് ജലീല്‍ ചെയ്യുന്നതെന്നും ആരോപിച്ച് എം.കെ മുനീറും രംഗത്തെത്തിയിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ എ.ആര്‍.നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധിപ്പിച്ചുകൊണ്ടായിരുന്നു കെ.ടി.ജലീലിന്റെ പ്രസ്താവന. മീഡിയവണ്‍ ചീഫ് എഡിറ്റര്‍ പ്രമോദ് രാമനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ജലീലിന്റെ ആരോപണം.എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവിയെന്നായിരുന്നു ജലീലിന്റെ ഗുരുതരമായ ആരോപണം.

 

Sharing is caring!