കോവിഡ് സ്ഥിരീകരിച്ചവര്‍ സമ്പര്‍ക്ക വിലക്ക് കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് സ്ഥിരീകരിച്ചവര്‍ സമ്പര്‍ക്ക വിലക്ക് കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് 19 സ്ഥിരീകരിച്ചവര്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ദിവസങ്ങളില്‍ രോഗി സമ്പര്‍ക്കവിലക്ക് കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. യാതൊരു രോഗ ലക്ഷണങ്ങളുമില്ലാത്ത വൈറസ് ബാധിതര്‍ സ്രവ പരിശോധനയ്ക്ക് വിധേയമായ ദിവസം മുതല്‍ 10 ദിവസം വീട്ടിലോ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുള്ള ഗൃഹ പരിപാലന കേന്ദ്രത്തിലോ സമ്പര്‍ക്ക വിലക്കില്‍ കഴിയണം. വീട്ടില്‍ രോഗിക്ക് മാത്രമായി ഉപയോഗിക്കാന്‍ ശുചിമുറിയോട് കൂടിയ പ്രത്യേക താമസ സൗകര്യം ഇല്ലെങ്കില്‍ ഗൃഹ പരിപാലന കേന്ദ്രത്തില്‍ പോകേണ്ടതാണ്. വീട്ടില്‍ ചെറിയ കുട്ടികള്‍, ജീവിതശൈലീ രോഗബാധിതര്‍, പ്രായം കൂടിയവര്‍ തുടങ്ങിയവരുണ്ടെങ്കിലും വൈറസ് ബാധിതരായവര്‍ ഗൃഹപരിപാലന കേന്ദ്രത്തിലേക്ക് മാറുന്നതായിരിക്കും രോഗവ്യാപനം തടയുന്നതിന് ഉചിതം.

ലഘുവായതും ഗുരുതരമല്ലാത്തതുമായ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് ലക്ഷണം തുടങ്ങി 10 ദിവസമാണ് സമ്പര്‍ക്ക വിലക്കുള്ളത്. ഇവര്‍ക്കും 10 ദിവസത്തിനുള്ളില്‍ അവസാന മൂന്ന് ദിവസങ്ങളില്‍ യാതൊരു രോഗലക്ഷണങ്ങളുമില്ലാത്തവര്‍ക്കും ഈ കാലയളവിനു ശേഷം സമ്പര്‍ക്ക വിലക്ക് അവസാനിപ്പിക്കാം. രോഗ ലക്ഷണങ്ങള്‍ കൂടുകയോ, ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയോ ചെയ്താല്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതാണ്. ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവരും, കാന്‍സര്‍, അവയവം മാറ്റിവെച്ചവര്‍, വൃക്ക, കരള്‍ രോഗബാധിതര്‍, മറ്റ് രോഗപ്രതിരോധശേഷി അപര്യാപ്തതാ രോഗങ്ങള്‍ (എച്ച്.ഐ.വി പോലുള്ളവ) എന്നിവയുള്ളവര്‍ രോഗലക്ഷണങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കോവിഡ് ആശുപത്രികളില്‍ ചികിത്സ തേടണം. കോവിഡ് ബാധിതര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!