നാടുകാണി ചുരത്തില്‍ കാട്ടാനയിറങ്ങി ഗതാഗതം തടസ്സപ്പെട്ടു

നാടുകാണി ചുരത്തില്‍ കാട്ടാനയിറങ്ങി ഗതാഗതം തടസ്സപ്പെട്ടു

വഴിക്കടവ് നാടുകാണി ചുരത്തില്‍ ആനമറി ഭാഗത്ത് കാട്ടാനയിറങ്ങി ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ഏഴിനാണ് കാട്ടാനയിറങ്ങിയത്. അരമണിക്കൂറോളം റോഡില്‍ തമ്പടിച്ചതോടെ ഇരുഭാഗത്തും വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. വനപാലകരെത്തി കാട്ടാനയെ വനത്തിലേക്ക് കയറ്റിവിട്ടതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ആനമറി പ്രദേശത്ത് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കാട്ടാനശല്യം രൂക്ഷമാണ്. പകല്‍ സമയങ്ങളില്‍പോലും ജനവാസകേന്ദ്രത്തിലെത്തുന്ന കാട്ടാന നാടിന് ഭീഷണിയാണ്.
കഴിഞ്ഞദിവസം വൈകിട്ട് അഞ്ചോടെ വഴിക്കടവ് ആനമറിയില്‍ എക്‌സൈസ് ചെക്ക് പോസ്റ്റിന് ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ പുതിയ കെട്ടിടം നിര്‍മിക്കുന്നിടത്തുകൂടിയാണ് കൊമ്പന്‍ ജനവാസകേന്ദ്രത്തിലേക്കിറങ്ങിയത്. ആറരയോടെ റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് കൊമ്പനെ കാടുകയറ്റി. പിന്നാലെയാണ് തേക്കെപാലാട്ടും കൊമ്പന്‍ ഭീതിപരത്തുന്ന വിവരം ലഭിച്ചത്.
വനപാലകര്‍ ഇവിടെയുമെത്തി റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് കൊമ്പനെ കാടിലേക്ക് തുരത്തുകയായിരന്നു. വഴിക്കടവ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ജോണ്‍സന്റെ നേതൃത്വത്തിലെത്തിയ വനപാലകരാണ് ആനകളെ കാടുകയറ്റിയത്.

 

Sharing is caring!