മലപ്പുറം ജില്ലയില്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത കായികതാരങ്ങളെ ആദരിക്കലും അവാര്‍ഡ് ദാനവും 25ന്

മലപ്പുറം ജില്ലയില്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത കായികതാരങ്ങളെ ആദരിക്കലും അവാര്‍ഡ് ദാനവും 25ന്

ജില്ലയില്‍ നിന്ന് ടോക്കിയോ  ഒളിമ്പിക്‌സില്‍ പങ്കെടുത്തവരെയും വിവിധ ഇനങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടിയ കായികതാരങ്ങളെയും ജില്ല ആദരിക്കുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന അവാര്‍ഡ് ദാനവും ആദരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനവും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ സെപ്തംബര്‍ 25ന് നിര്‍വഹിക്കും. ഒളിമ്പിക്‌ഡേയോടനുബന്ധിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും  ഒളിമ്പിക് അസോസിയേഷനും  നടത്തിയ വിവിധ മത്സരങ്ങളുടെ  സമ്മാന വിതരണവും മന്ത്രി നിര്‍വഹിക്കും. ടോക്കിയോ  ഒളിമ്പിക്‌സില്‍ പങ്കെടുത്ത കെ.ടി. ഇര്‍ഫാന്‍, എം.പി. ജാബിര്‍ എന്നിവരെയും 2019-21 വര്‍ഷത്തെ  മികച്ച ഫുട്‌ബോളറായി തെരഞ്ഞെടുത്ത ആഷിക് കുരുണിയന്‍,   മികച്ച കായികതാരമായി തെരഞ്ഞെടുക്കപ്പെട്ട പി.കെ ഹനാന്‍ മുഹമ്മദ്, പരിശീലക വിഭാഗത്തില്‍ പുരസ്‌കാരം നേടിയ വി.പി.സുധീര്‍ എന്നിവരെയുമാണ് ചടങ്ങില്‍ ആദരിക്കുന്നത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 12ന് നടക്കുന്ന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. കായിക പ്രതിഭകളെ മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ.ശ്രീകുമാര്‍ പരിചയപ്പെടുത്തും.  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീക്ക, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പൊലീസ് മേധാവി .എസ്. സുജിത്ത് ദാസ്, ജില്ലാ ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ പ്രേംകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Sharing is caring!