മലപ്പുറത്തെ മുഴുവന്‍ പാര്‍ട്ടികള്‍ക്കും താലിബാന്‍ മനസാണെന്ന് കെ.സുരേന്ദ്രന്‍

മലപ്പുറത്തെ മുഴുവന്‍ പാര്‍ട്ടികള്‍ക്കും താലിബാന്‍ മനസാണെന്ന് കെ.സുരേന്ദ്രന്‍

മലപ്പുറം: മലപ്പുറം ജില്ലയിലുള്ള സിപിഎമ്മിനും,കോണ്‍ഗ്രസിനും, മുസ്ലീം ലീഗിനും താലിബാന്റെ മനസാണെന്ന വിവാദ പ്രസ്താവനയുമായി കെ സുരേന്ദ്രന്‍. ഇതോടൊപ്പം ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും, മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചു ചേര്‍ക്കേണ്ടതെന്നും, അല്ലാതെ കെ.സുധാകരനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീവിരുദ്ധ നിലപാടാണ് ഹരിതയുടെ പ്രശ്‌നത്തില്‍ പാണക്കാട് കുടുംബമെടുത്തത്. ഇത് അവരുടെ കുടുംബത്തിന് ചേരുന്നതല്ല. താലിബാന്റെ രീതിയാണ് ഹരിത വിഷയത്തിലുണ്ടായത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാവുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ ചിത്രമുള്ള പോസ്റ്റര്‍ മലപ്പുറത്ത് പുറത്തിറക്കാനാവില്ല. കേരളം ഇനി താലിബാന്റെ യുഗത്തിലേക്കാണോ പോകുന്നതെന്നും, ഹരിതയിലെ പെണ്കുട്ടികള്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എം.എസ്.എഫ് നേതാവിനെതിരെ മുസ്ലിം ലീഗ് എന്ത് നടപടി എടുത്തുവെന്നും ചോദിച്ച അദ്ദേഹം ഇതാണ് താലിബാനിസമെന്നും അഭിപ്രായപ്പെട്ടു.

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നത് നാണക്കേടാണ്. ഇവിടെ മാത്രമേ അങ്ങനെയൊരു കാര്യത്തിന് സമരം ചെയ്യണ്ട അവസ്ഥ വരികയുള്ളൂ. മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇതിനു തയ്യാറാവാത്തതെന്നു വ്യ്കതമാക്കണം. മുഖ്യമന്ത്രി തിരൂരില്‍ പ്രതിമ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്തില്ലെങ്കില്‍ ബിജെപി അതുചെയ്യുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

 

Sharing is caring!