19-ാംവയസ്സില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനിറങ്ങിയ മലപ്പുറത്തെ അഹമ്മദ്കുട്ടി ഹാജിയുടെ സ്മരണ പുസ്തകരൂപത്തില്‍ പുറത്തിറക്കാന്‍ ഭാര്യ ആയിശാബീവി

19-ാംവയസ്സില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനിറങ്ങിയ മലപ്പുറത്തെ അഹമ്മദ്കുട്ടി ഹാജിയുടെ സ്മരണ പുസ്തകരൂപത്തില്‍ പുറത്തിറക്കാന്‍ ഭാര്യ ആയിശാബീവി

മലപ്പുറം: പത്തൊമ്പതാം വയസില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനിറങ്ങിയ വടക്കുംമുറി സ്വദേശി കെ ടി അഹമ്മദ്കുട്ടി ഹാജിയുടെ സ്മരണ പുസ്തകരൂപത്തില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഭാര്യ ചെറുവാടി സ്വദേശി ആയിശാബീവി. തന്റെ പ്രിയപ്പെട്ടവന്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി നടത്തിയ പോരാട്ടങ്ങളും അനുഭവിച്ച പീഡനങ്ങളുമെല്ലാം 90 വയസുള്ള ആയിശാബീവിയുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. പൂക്കോട്ടൂരിലും ഏറനാട്ടിലും ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന സമരത്തിലാണ് അഹമ്മദ്കുട്ടി ഹാജി പങ്കെടുത്തത്. അരീക്കോട് പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ കാലുകള്‍ക്ക് വെടിയേറ്റു. മരിച്ചെന്നുകരുതി പട്ടാളം മടങ്ങി. കണങ്കാലിനേറ്റ വെടിയുണ്ട മരണംവരെയും പുറത്തെടുക്കാനായിരുന്നില്ല. നിലമ്പൂരിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ കൊലപാതകശ്രമം ചുമത്തിയാണ് ഹാജിക്കെതിരെ കേസെടുത്തത്. 1921ല്‍ ഹാജിയും കൂട്ടാളികളും കീഴടങ്ങി. ജയിലില്‍ നേരിട്ട ക്രൂരപീഡനം ഹാജി ആയിശാബീവിയോട് പറഞ്ഞിരുന്നു. ”പട്ടാളക്കാര്‍ കൈപ്പത്തി തറയില്‍വച്ച് ബൂട്ടിട്ട് ചവിട്ടി. ഏഴുവര്‍ഷം ഒറ്റമുറി സെല്ലില്‍. തലമുടി പറിച്ചെടുത്തും മൂത്രനാളിയിലൂടെ പച്ച ഈര്‍ക്കില്‍ കടത്തിവിട്ടും കൊടിയ പീഡനം. പീഡനത്തില്‍നിന്ന് രക്ഷപ്പെടാന്‍ പട്ടാള ഡോക്ടര്‍മാര്‍ ആത്മഹത്യചെയ്യാന്‍ ഉപദേശിച്ചിരുന്നു” -ആശിയാബീവി ഓര്‍ക്കുന്നു. 1929ല്‍ അഹമ്മദ്കുട്ടിയെ തുറന്ന ജയിലിലേക്ക് മാറ്റി. അക്ഷരാഭ്യാസമുള്ളതുകൊണ്ട് കഠിന ജോലികളില്‍നിന്ന് ഇളവ് നല്‍കി. 15 ദിവസത്തെ പരോള്‍ ലഭിച്ചപ്പോള്‍ 1931ല്‍ അഹമ്മദ്കുട്ടിയെയും സംഘത്തെയും അരീക്കോട് പൊലീസ് ക്യാമ്പില്‍ എത്തിച്ചു. രണ്ടുദിവസം കഴിഞ്ഞ് പൊലീസിന്റെ അകമ്പടിയോടെ വടക്കുംമുറിയിലെ വീട്ടിലെത്തി. കുടുംബസ്വത്തിന്റെ ഒരുഭാഗം വിറ്റു. ആ കാശുമായാണ് ജയിലിലേക്ക് തിരിച്ചുപോയത്. 14 വര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് 1936-ലാണ് കെ ടി അഹമ്മദ്കുട്ടി ഹാജി എന്ന കുണ്ടില്‍ ഹാജി നാട്ടില്‍ തിരിച്ചെത്തിയത്. ആ വര്‍ഷംതന്നെയായിരുന്നു ആയിശാബീവിയുമായുള്ള വിവാഹം. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയില്‍ മ്യൂസിയത്തില്‍ അഹമ്മദ്കുട്ടി ഉള്‍പ്പെടെ ഏറനാട്ടില്‍നിന്നുള്ള 15 മാപ്പിള പോരാളികളുടെ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് മകനോടൊപ്പം പോയി ആയിശാബീവി അത് നേരില്‍ കണ്ടത്. അഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ 1972ല്‍ അഹമ്മദ്കുട്ടിയെ രാജ്യം താമ്രപത്രം നല്‍കി ആദരിച്ചു. സ്വാതന്ത്ര്യസമര പോരാളികള്‍ക്കുള്ള പെന്‍ഷനും അനുവദിച്ചു.

Sharing is caring!