പ്രവാസികളെ സംരംഭകരാക്കാന്‍ മലപ്പുറത്തിന് പ്രത്യേക പദ്ധതി:മന്ത്രി പി.രാജീവ്

പ്രവാസികളെ സംരംഭകരാക്കാന്‍ മലപ്പുറത്തിന് പ്രത്യേക പദ്ധതി:മന്ത്രി പി.രാജീവ്

പ്രവാസി സമൂഹം ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിലെ പ്രവാസികളെ സംരംഭകര്‍ ആക്കി മാറ്റുന്നതിനുള്ള ഒരു പ്രത്യേക കര്‍മ്മ പദ്ധതിയ്ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മലപ്പുറത്തെ റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയായ  കെ.എസ് ഐ.ഡി.സി വഴി പ്രവാസികളായ സംരംഭകര്‍ക്ക് രണ്ട് കോടി രൂപ വരെ അഞ്ച് ശതമാനം മാത്രം പലിശ നിരക്കില്‍ ആരംഭിച്ചിട്ടുണ്ട്.  100 കോടി രൂപ ഇതിനായി സര്‍ക്കാര്‍ കെ.എസ്.ഐ.ഡി.സി വഴി മാറ്റി വച്ചിട്ടുണ്ട്. പ്രവാസികളായ സംരംഭകര്‍ ഇതു നന്നായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി നിലവിലുള്ള വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറേ കൂടി ശക്തപ്പെടുത്താനുള്ളതാണ്. സംരംഭകരുടെ ആവശ്യങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിന്  ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാണ്  സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയില്‍ വ്യവസായ സംരംഭകര്‍ക്ക് നല്ല സാധ്യതകളുണ്ട്. അതുപയോഗിച്ച് പരമാവധി ആളുകള്‍ തൊഴില്‍ നല്‍കാന്‍ കഴിയുന്ന ജില്ലയാക്കി മലപ്പുറത്തെ മാറ്റി തീര്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അദാലത്തില്‍ 35 പരാതികളാണ് തീര്‍പ്പാക്കിയത്. 19 പരാതികള്‍  തുടര്‍ നടപടികള്‍ക്കായി അതത് വകുപ്പുകള്‍ക്ക് കൈമാറി. 22 പരാതികള്‍ പോളിസി മാറ്റത്തിനായി ഗവണ്‍മെന്റ് തലത്തില്‍ പരിഗണനയ്ക്കായി മാറ്റി വെച്ചു. 94 അപേക്ഷകളാണ് പരിപാടിയിലേക്ക് ഓണ്‍ലൈനായി ലഭിച്ചത്. ഇതില്‍ 76 പരാതികളും 10 നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടും. 18 അപേക്ഷകരാണ്  വേദിയില്‍ നേരിട്ട് എത്തിയത്. മൈനിങ് ആന്‍ഡ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പഞ്ചായത്ത് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതല്‍ ലഭിച്ചത്.

പരിപാടിയില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ സംബന്ധിച്ചു. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്, കെ.എസ്.ഐ.ഡി.സി മനേജിംഗ് ഡയറക്ടര്‍ എം.ജി രാജമാണിക്യം ഐ.എ.എസ്, മലപ്പുറം ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍ ഐ.എ.എസ്, ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാര്‍ജിന്‍ മണി ഗ്രാന്‍ഡ്; ഹിബത്തുള്ള ഇനി മുതല്‍ സംരംഭകന്‍
ആറ് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് നാട്ടിലൊരു ചപ്പാത്തി കമ്പനിയില്‍ ജോലിക്കാരനായി പഴമള്ളൂര്‍ സ്വദേശി ഹിബത്തുള്ളയുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. എന്നാല്‍ കോവിഡും പ്രതിസന്ധികളിലും ഹിബത്തുള്ള ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് പിടിച്ച് നില്‍ക്കാനായില്ല. സ്ഥാപനം പൂട്ടിയതോടെ അറിയാവുന്ന പണിയും പോയ അവസ്ഥയിലുമായി. ഇതിനിടക്കാണ് 10 ലക്ഷം വരെ പദ്ധതി ചെലവ് വരുന്ന ഭക്ഷ്യോത്പന്ന സേവന പ്രൊപ്പൈറ്ററി നാനോ സംരംഭങ്ങള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധതിപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന വിവരം ഒരു സുഹൃത്ത് വഴി ഹിബത്തുള്ള അറിയുന്നത്. നേരത്തെ പ്രവൃത്തി പരിചയമുള്ള മേഖലയെന്ന നിലയില്‍ സംരംഭമായി തുടങ്ങിയാല്‍ വിജയിപ്പിക്കാമെന്ന ആത്മ വിശ്വസവും ഹിബത്തുള്ളക്ക് കൈമുതലായിരുന്നു.

അപേക്ഷ നല്‍കി ഒരു മാസത്തിനകം ഗ്രാന്‍ഡ് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളും ബന്ധപ്പെട്ടവര്‍ പൂര്‍ത്തീകരിച്ചതോടെ സ്വയം സംരംഭം എന്ന മോഹം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയായിരുന്നു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ മലപ്പുറത്ത് നടന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ മന്ത്രിയില്‍ നിന്നും നേരിട്ടാണ് ഹിബത്തുള്ള നാല് ലക്ഷം രൂപയുടെ മാര്‍ജിന്‍ മണി ഗ്രാന്‍ഡ് കൈപ്പറ്റിയത്. ഇതോടെ ചപ്പാത്തി കമ്പനിയിലെ തൊഴിലാളിയില്‍ നിന്നും തൊഴില്‍ ദാതാവിലേക്ക് ചുവട് മാറിയിരികക്കുകയാണ് യുവ സംരംഭകനായ ഹിബത്തുള്ള.

മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ കുഞ്ഞലവി മുസ്ലിയാരുടെ വ്യവസായത്തിന് ലൈസന്‍സ്

മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ തെന്നല സ്വദേശി ഇല്ലിക്കല്‍ തോണ്ടാലി കുഞ്ഞലവി മുസ്ലിയാരുടെ പരാതിക്ക് ഉടനടി പരിഹാരം. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അടുത്ത ദിവസം തന്നെ കുഞ്ഞലവി മുസ്ലിയാരുടെ വ്യവസായത്തിന് ലൈസന്‍സ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പി.സി.ബി പ്രവര്‍ത്താനുമതി ലഭിച്ചെങ്കിലും ലൈസന്‍സ് ലഭിക്കാത്തതിനാല്‍  മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ അദ്ദേഹം പങ്കെടുക്കുകയായിരുന്നു. അദാലത്തിലൂടെ അടുത്ത ദിവസം തന്നെ ലൈസന്‍സ് ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.

1991 കാലഘട്ടത്തിലാണ് കുഞ്ഞലവി മുസ്ലിയാര്‍ എന്ന അബു ഹനീഫല്‍ ഫൈസി തെന്നല മുസ്ലിയാര്‍ തന്റെ നാട്ടില്‍ ഹോളോബ്രിക്‌സ് വ്യവസായം ആരംഭിച്ചത്. സുപ്രീം ഹോളോബ്രിക്‌സ് ആന്‍ഡ് ഇന്റര്‍ലോക്ക് എന്ന തന്റെ കമ്പനിയില്‍ ഇതിനകം നാട്ടിലെ നിരവധി ആളുകള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. നാട്ടിലെ ആളുകള്‍ തന്നെയാണിപ്പോഴും കുഞ്ഞലവി മുസ്ലിയാരുടെ വ്യവസായ സംരംഭത്തിലെ തൊഴിലാളികള്‍. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദേഹം നാട്ടിലെ ആളുകള്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഹോളോബ്രിക്‌സ് വ്യവസായം നടത്തുന്നത്. ലൈന്‍സസ് ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച സംരംഭം അടുത്ത ദിവസം ലൈസന്‍സ് ലഭ്യമാകുമ്പോള്‍ തന്നെ പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Sharing is caring!