എ.ആര്‍ നഗര്‍ ബാങ്ക് ഇ.ഡി അന്വേഷണമെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് കെ.ടി ജലീല്‍

എ.ആര്‍ നഗര്‍ ബാങ്ക് ഇ.ഡി അന്വേഷണമെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് കെ.ടി ജലീല്‍

കൊച്ചി: എ.ആര്‍ നഗര്‍ ബാങ്ക് ഇടപാടില്‍ ഇ.ഡി അന്വേഷണമെന്ന നിലപാടില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് കെ.ടി ജലീല്‍. സഹകരണ പ്രസ്ഥാനങ്ങളെയാകെ ദോഷകരമായി ബാധിക്കുന്ന നിലപാടുമായി ജലീല്‍ രംഗത്ത് വന്നത് മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും ചൊടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ജലീലിനെ വിളിപ്പിച്ചതിന് പിന്നാലെയാണ് ജലീല്‍ നിലപാട് മാറ്റിയത്. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ജലീലിനെ ശക്തമായി താക്കീത് ചെയ്തതായാണ് അറിയുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇ.ഡിയെ കണ്ണുമടച്ച് പിന്തുണച്ച ജലീലിനെതിരെ മുഖ്യമന്ത്രി പരസ്യമായി തന്നെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജലീലുള്‍പ്പെടെയുള്ള മന്ത്രിമാരും ഇത്തരത്തില്‍ വേട്ടയാടലിന് വിധേയനായിരുന്നതും മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നു.ചോദ്യം ചെയ്യലിന് വിധേയനായപ്പോള്‍ ഇ.ഡിയെ ജലീലിന് വിശ്വാസമായോ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ഇതിന് പിന്നാലെ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവനും സി.പി.എമ്മും ജലീലിനെ തള്ളി രംഗത്ത് വന്നത്.ഇ.ഡി അന്വേഷണം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ജലീല്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സഹകരണവകുപ്പ് അന്വേഷണം നല്ല നിലയിലാണ് നടക്കുന്നത്, ഏത് അന്വേഷണം വേണമെന്ന് ആവശ്യപ്പെടേണ്ടത് താനല്ല. മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചിട്ടില്ലെന്നും സാധാരണ പോലെ കണ്ടതാണെന്നും ജലീല്‍ പറയുന്നു. ലീഗിനെതിരായ നിലപാടില്‍ സി.പി.എം പിന്തുണയുണ്ടെന്നും അതില്‍ സംശയമില്ലെന്നും ജലീല്‍ ആവര്‍ത്തിച്ചു. എ.ആര്‍ ബാങ്ക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമോ എന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കും, ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ജലീല്‍ പറഞ്ഞു.ചന്ദ്രിക അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട ഇടപാടില്‍ ലഭ്യമായ എല്ലാ രേഖകളും എന്‍ഫോഴ്സ്മെന്റിന് കൈമാറിയതായി ജലീല്‍ പറഞ്ഞു.

 

Sharing is caring!