ലീഗിന് മുന്നില്‍ ജലീല്‍ ഒന്നുമല്ല: പി.എം.എ. സലാം

ലീഗിന് മുന്നില്‍ ജലീല്‍ ഒന്നുമല്ല: പി.എം.എ. സലാം

മലപ്പുറം: എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇ.ഡി അന്വേഷിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെ കെ.ടി.ജലീലിനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്‌ലിം ലീഗ്. കള്ളപ്പണ ഇടപാടുണ്ടെന്ന ജലീലിന്റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്നും വഴിയില്‍ കൂടി പോകുന്നവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിന് മറുപടി പറയേണ്ട കാര്യം ലീഗിനില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ. സലാം പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് ബസിന് കല്ലെറിയുന്നത് പോലെയുള്ള ചില ആളുകളുണ്ട്. ആരുടെയെങ്കിലും പ്രീതി കിട്ടുമെന്ന് കരുതി ചെയ്യുന്നവര്‍ക്ക് അത് നഷ്ടപ്പെടുകയാണ് ചെയ്തത്. സഹകരണ ബാങ്കിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണ്. ഉത്തരവാദപ്പെട്ട രാഷ്ര്ടീയ പാര്‍ട്ടികളോ സംഘടനകളോ ആരോപണം ഉന്നയിച്ചാല്‍ ലീഗ് മറുപടി പറയും. ലീഗിന് മുന്നില്‍ ജലീല്‍ ഒന്നുമല്ല. സി.പി.എമ്മിന്റെ പിന്തുണ പോലും ജലീലിനില്ല. അദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയംഗം പോലുമാക്കിയിട്ടില്ല. എ.ആര്‍.നഗര്‍ ബാങ്കും കെ.ടി.ജലീലും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്ന് അറിയില്ല. ജലീലിന്റെ ആരോപണത്തില്‍ ഭയമില്ല. ഏത് അന്വേഷണത്തെയും നേരിടുമെന്ന് പി.എം.എ സലാം പറഞ്ഞു.

 

 

Sharing is caring!