ഒന്നര ഏക്കര്‍ പാടത്ത് ബിരിയാണിഅരി ഉള്‍പ്പെടെ നെല്‍കൃഷി ഇറക്കി വിപ്ലവം സൃഷ്ടിക്കുകയാണ് മലപ്പുറത്തെ പ്ലസ്ടു വിദ്യാര്‍ഥി

ഒന്നര ഏക്കര്‍ പാടത്ത് ബിരിയാണിഅരി ഉള്‍പ്പെടെ നെല്‍കൃഷി ഇറക്കി വിപ്ലവം സൃഷ്ടിക്കുകയാണ് മലപ്പുറത്തെ പ്ലസ്ടു വിദ്യാര്‍ഥി

വളാഞ്ചേരി: ഒന്നര ഏക്കര്‍ പാടത്ത് ബിരിയാണിഅരി ഉള്‍പ്പെടെ നെല്‍കൃഷി ഇറക്കി വിപ്ലവം സൃഷ്ടിക്കുകയാണ് മലപ്പുറത്തെ പ്ലസ്ടു വിദ്യാര്‍ഥി. വളാഞ്ചേരി ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി ഇനാസ് മിസ്ബാഹാണ് ഒന്നര ഏക്കറില്‍ 50 സെന്റില്‍ കൃഷി വിപ്ലവം തീര്‍ക്കാന്‍ ഇറങ്ങിയിരിക്കുന്നത്. മൂന്നുമാസമാണ് ബിരിയാണി അരിയുടെ മൂപ്പന്ന് മിനാസ് പറയുന്നു. ഒന്നര ഏക്കറില്‍ നെല്‍കൃഷിക്കു പുറമേ വിവിധ ഇനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട് ഈ കുട്ടിക്കര്‍ഷകന്‍.

നന്നേ ചെറുപ്പം മുതലേ കൃഷിയില്‍ തല്‍പരനാണ് ഇനാസ്. കര്‍ഷകനായ ഉപ്പയുടെ കൂടെ കൃഷിസ്ഥലങ്ങളില്‍ പോവുകയും ഉപ്പയെ സഹായിക്കുകയും ചെയ്യുമായിരുന്നു. നാലുവര്‍ഷം മുമ്പാണ് പിതാവിന്റെ പാത പിന്തുടര്‍ന്ന് സജീവമായി കൃഷി ഏറ്റെടുത്ത് നടത്താന്‍ തുടങ്ങിയത്. കൃഷിയിലുള്ള താല്പര്യം മൂലം കൃഷിയും പഠനവും ഒരുമിച്ച് കൊണ്ടു പോവുകയാണ് ഈ മിടുക്കന്‍. നെല്‍കൃഷിക്ക് പുറമേ വിവിധ ഇനം പച്ചക്കറികൃഷിയും നടത്തുന്നുണ്ട് ഈ കുട്ടിക്കര്‍ഷകന്‍. മാത്രമല്ല വാഴകൃഷി, മത്സ്യകൃഷി തുടങ്ങിയവയും വലനെയ്ത്തും ഇനാസിന്റെ ഇഷ്ട വിഷയങ്ങളാണ്.

പാടത്ത് ട്രാക്ടര്‍ ഓടിക്കുമ്പോള്‍ സഹായിയായും ഇനാസ് കൂടെയുണ്ടാകാറുണ്ട്. കൃഷിയില്‍ മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഇനാസ് സജീവമാണ്. വോളണ്ടിയറായും മറ്റും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഇനാസ്. ഇരിമ്പിളിയം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ടി അമീര്‍ ഈ കുട്ടി കര്‍ഷകന് എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ട്.

കര്‍ഷക ദിനത്തില്‍ ഇരിമ്പിളിയം പഞ്ചായത്തിന്റെ മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനുള്ള അവാര്‍ഡ് നല്‍കി അനുമോദിച്ചിരുന്നു. സ്ഥലം എംഎല്‍എ പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങളാണ് ഇനാസിന് അവാര്‍ഡ് നല്‍കിയത്. പിതാവ് തൊണ്ടിയില്‍ മുഹമ്മദ് കുട്ടിയും മാതാവ് ഹാരിസയും സഹോദരങ്ങളായ ഇയാസ് മിദ് ലാജും, മിര്‍ഷാദും പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. ഇരിമ്പിളിയം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും മികച്ച മാര്‍ക്ക് വാങ്ങി വിജയിച്ച ഇനാസ് പോളിടെക്നിക്കിന് അഡ്മിഷന്‍ നേടാനുള്ള തയ്യാറെടുപ്പിലാണ്. പഠനത്തോടൊപ്പം കൃഷിയും സജീവമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഇനാസിന്റെ തീരുമാനം.

 

Sharing is caring!