കെ.ടി. ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

കെ.ടി. ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

എആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ഇഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇഡി കൈകാര്യം ചെയ്യേണ്ടതില്ല

കെടി ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുന്നത് മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. മലപ്പുറത്തെ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണമുണ്ടെന്ന ആരോപണം സംബന്ധിച്ചായിരുന്നു ചോദ്യം.

കെ ടി ജലീല്‍ ഇഡി ചോദ്യം ചെയ്ത ആളാണല്ലോ. ആ ചോദ്യം ചെയ്യലോടെ ഇഡിയില്‍ കൂടുതല്‍ വിശ്വാസം അദ്ദേഹത്തിനു വന്നിട്ടുണ്ടെന്നാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നത്. ഏതായാലും കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ട മേഖലകളല്ല. സാധാരണ ഗതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തുകൊണ്ടിരിക്കുന്നതാണ്. അദ്ദേഹം പരാമര്‍ശിച്ച ബാങ്കിന്റെ കാര്യത്തില്‍ സഹകരണ വകുപ്പ് ശക്തമായ നടപടിയിലേക്ക് നീങ്ങിയതാണ്. ഇപ്പോള്‍ അതില്‍ ഒരു ഹൈക്കോടതി വിധി ഉള്ളതിനാലാണ് നടപടിയിലേക്ക് നീങ്ങാത്തത്.
ഇവിടെ അന്വേഷിക്കാന്‍ സംവിധാനമുണ്ട്

ഇഡി അന്വേഷിക്കണമെന്നാണ് കെ ടി ജലീല്‍ ആവശ്യപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന് അതിനോട് താല്‍പര്യമില്ലേയെന്നും മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു.

സാധാരണ ഗതിയില്‍ ഉന്നയിക്കേണ്ട ഒരു ആവശ്യമല്ല അത്. അങ്ങനെ ഉന്നയിക്കുന്നത് ശരിയല്ല. ഇവിടെ അന്വേഷിക്കാനുള്ള സംവിധാനമുണ്ട്. ആ സംവിധാനത്തിന്റെ ഭാഗമായി അന്വേഷണം നടക്കുന്നുണ്ട്. ആ അന്വേഷണം തുടര്‍ന്നു നടക്കാതിരിക്കുന്നത് കോടതിയുടെ ഇടപെടല്‍ മൂലമാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അപ്പോള്‍ അന്വേഷണത്തിന് യാതൊരു തടസവും ഉണ്ടാകില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി അതിന്റെ ഭാഗമായി ഉണ്ടാകും- മുഖ്യമന്ത്രി പറഞ്ഞു.
ജലീല്‍ പറഞ്ഞത്

മലപ്പുറം എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1021 കോടി രൂപയുടെ ദേശദ്രോഹ, കള്ളപ്പണ, ബിനാമി ഇടപാടുകള്‍ സഹകരണ വകുപ്പ് അന്വേഷണ സംഘം കണ്ടെത്തി എന്നായിരുന്നു ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ഇതിന്റെ മുഖ്യാസൂത്രകന്‍ മുന്‍ വ്യവസായ വകുപ്പ് മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിയാണ്. കള്ളപ്പണ ഇടപാടില്‍ കുഞ്ഞാലിക്കുട്ടിയുടെ ബിനാമി ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയായിരുന്ന ഹരികുമാറാണ്. പ്രാഥമിക സഹകരണ സംഘം മാത്രമായ എ ആര്‍ നഗര്‍ കോപ്പറേറ്റീവ് ബാങ്കില്‍ 50000 ല്‍ പരം അംഗങ്ങളും 80000 ലധികം അക്കൗണ്ടുകളുമാണ് ഉള്ളത്.

‘257 കസ്റ്റമര്‍ ഐഡിയില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി കള്ളപ്പണം വെളുപ്പിക്കലും പണാപഹരണവും കുഞ്ഞാലിക്കുട്ടി നടത്തി. 862 വ്യാജ ബിനാമി അക്കൗണ്ടുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 114 കോടിയുടെ അനധികൃത ഇടപാട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. എ ആര്‍ നഗര്‍ ബാങ്കിലെ മുഴുവന്‍ അക്കൗണ്ടും പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന പകല്‍ക്കൊള്ളയുടെ ചുരുള്‍ അഴിയും.’ എന്നായിരുന്നു കെ ടി ജലീലിന്റെ ആരോപണം.
‘സ്വിസ് ബാങ്ക്’

‘എ ആര്‍ നഗര്‍ ബാങ്ക് കുഞ്ഞാലിക്കുട്ടിയുടേയും സംഘത്തിന്റേയും സ്വിസ് ബാങ്കാണ്. ടൈറ്റാനിയം ഇടപാടിലെ അഴിമതി പണമാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്ന് തിയ്യതി നോക്കിയാല്‍ മനസിലാകും.’ ഇതോടൊപ്പം മലബാര്‍ സിമന്റ്‌സിലെ അഴിമതി പണവും ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ജലീല്‍ ആരോപിച്ചു. ബാങ്കിലെ ജീവനക്കാരുടെ പേരിലും കോടികളുടെ നിക്ഷേപമുണ്ട്. ബാങ്കിന് വരുന്ന പിഴ കുഞ്ഞാലിക്കുട്ടിയില്‍ നിന്നും ഈടാക്കണമെന്നും ജലീല്‍ പറഞ്ഞു.

 

Sharing is caring!