വിമാനം നിര്‍മിച്ച് മലപ്പുറത്തെ 35കാരന്‍

വിമാനം നിര്‍മിച്ച് മലപ്പുറത്തെ 35കാരന്‍

മലപ്പുറം: വിമാനം നിര്‍മിച്ച് മലപ്പുറം അരീക്കോട് ചെമ്പറമ്പ് സ്വദേശിയായ 35കാരന്‍. രണ്ടുപേര്‍ക്ക് പറക്കാന്‍ പറ്റുന്ന വിമാനമാണ് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറും മെക്കാനിക്കുമായ മലപ്പുറം അരീക്കോട് ചെമ്പറമ്പ് സ്വദേശിയുമായ യഹിയ നിര്‍മിച്ചത്. ചെറുവിമാനമാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2016 ലാണ് വിമാനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അഞ്ച് വര്‍ഷത്തെ നീണ്ട പരിശ്രമത്തിനൊടുവില്‍ കഴിഞ്ഞ ദിവസം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിമാനം ഇപ്പോള്‍ പരീക്ഷണ ഓട്ടത്തിലാണ്.
350 കിലോ ഭാരമുള്ള വിമാനത്തിന്റെ പ്രധാന ഭാഗത്തിനു നാലു മീറ്റര്‍ നീളവും പ്രത്യേകം തയ്യാറാക്കിയ മൂന്നു ചിറകുകള്‍ക്ക് മൂന്നു മീറ്റര്‍ വീതിയുമാണുള്ളത്. ബജാജ് പള്‍സര്‍ ബൈക്കിന്റെ എന്‍ജിന്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. പെട്രോളാണ് ഇന്ധനം. മഹാഗണിത്തടി ഉപയോഗിച്ചാണ് വിമാനത്തിന്റെ പ്രധാന ഭാഗമായ പ്രൊപ്പല്ലര്‍ നിര്‍മ്മിച്ചതെന്ന് യഹിയ പറയുന്നു. നിരന്ന പ്രതലത്തില്‍ നിന്ന് 65 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനുള്ള എന്‍ജിന്‍ കപ്പാസിറ്റി ഈ വിമാനത്തിനുണ്ട്. ആക്ടീവ ബൈക്കിന്റെ മൂന്ന് ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
മണ്ണുമാന്തിയന്ത്രം പാര്‍ക്ക് ചെയ്യാനും മെക്കാനിക്കല്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഷെഡില്‍ വെച്ചാണ് വിമാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അര ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. അഞ്ചു വര്‍ഷത്തെ രാപ്പകലില്ലാത്ത പരിശ്രമത്തിന്റെ ഫലമാണ് ഈ വിമാനമെന്ന് യഹിയ പറയുന്നു. ജോലിത്തിരക്കിനു ശേഷം കിട്ടിയ സമയത്ത് നിര്‍മ്മിച്ചതുകൊണ്ടാണ് ഇത്രയും വൈകിയതെന്നും യഹിയ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിന് അടുത്താണ് യഹിയയുടെ വീട്. വീടിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കുന്നതു കണ്ടുവളര്‍ന്നതിലൂടെയുണ്ടായ പ്രചോദനമാണ് ഈ വിമാന നിര്‍മ്മാണത്തില്‍ എത്തിനിന്നത്.
മറ്റൊരാളുടെയും സഹായമില്ലാതെ ഒറ്റക്കാണ് ഈ ചെറുവിമാനം നിര്‍മ്മിച്ചതെന്നും യഹിയ അഭിമാനത്തോടെ പറയുന്നു. നിലവില്‍ തന്റെ നാട്ടില്‍ വിമാനം പറത്താന്‍ പരിമതികളുണ്ട്. അധികൃതരുടെ അനുമതി ലഭിച്ചാല്‍ തോട്ടങ്ങളില്‍ മരുന്നടിക്കാനും മറ്റുമായി ഉപയോഗിക്കാന്‍ പൂര്‍ണ സജ്ജമാണ് ഈ ചെറുവിമാനം. റണ്‍വേ ഉള്‍പ്പെടെ ശരിയാക്കാനുണ്ടെന്നും അതിനുവേണ്ട സംവിധാനങ്ങള്‍ തന്റെ കയ്യിലുണ്ടെന്നും മഴയുടെ ഒതുക്കത്തിന് ശേഷം അത് വൃത്തിയാക്കി എല്ലാവിധ സൗകര്യങ്ങളും തയ്യാറാക്കുമെന്നും യഹിയ വ്യക്തമാക്കി. നിലവില്‍ ചെമ്പ് കല്ലുവെട്ടി ഗ്രൗണ്ടിലാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. വരും ദിവസങ്ങളില്‍ മഴയുടെ ഒതുക്കം അനുസരിച്ച് നാട്ടുകാരെയും വീട്ടുകാരെയും വിമാനം പറത്തി കാണിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവാവ്.

 

Sharing is caring!