ലീഗ് നേതാക്കള്‍ താഴേതട്ടിലിറങ്ങി പ്രവര്‍ത്തിക്കണമെന്നും പാര്‍ട്ടിയുടെ കരട് പ്രവര്‍ത്തന രേഖ

ലീഗ് നേതാക്കള്‍ താഴേതട്ടിലിറങ്ങി പ്രവര്‍ത്തിക്കണമെന്നും പാര്‍ട്ടിയുടെ കരട് പ്രവര്‍ത്തന രേഖ

മലപ്പുറം: മാറുന്നകാലത്ത് പാര്‍ട്ടിയില്‍ വനിതകളുടെ പ്രവര്‍ത്തനം പിന്നോട്ടടിക്കാന്‍ പാടില്ലെന്നും ഇതിനായി പ്രത്യേക രൂപ രേഖ ഉണ്ടാക്കണമെന്നും മുസ്ലിംലീഗ് പാര്‍ട്ടിയുടെ കരട് പ്രവര്‍ത്തന രേഖ. നേതാക്കള്‍ താഴേതട്ടിലിറങ്ങി പ്രവര്‍ത്തിക്കണമെന്നും ജില്ലാ തലത്തില്‍ അച്ചടക്ക സമിതി രൂപീകരിക്കണമെന്നും മുസ്ലിംലീഗ്നേതൃത്വം നിയോഗിച്ച പത്തംഗ ഉപസമിതിയുടെ നിര്‍ദേശം. മുസ്ലിംലീഗ് നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനംചെയ്യാന്‍ കൂടി നേതൃയോഗമാണ് പി.എം.എ സലാം, കെ.പി.എ മജീദ്, കെ എം ഷാജി, കുട്ടി അഹമ്മദ് കുട്ടി എന്നിവരടങ്ങിയ പത്തംഗ ഉപസമിതിക്ക് രൂപം നല്‍കിയത്.
പാര്‍ട്ടിയെ കൂടുതല്‍ ജനകീയമാക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും വാര്‍ഡ് തലത്തിലെ നേതാക്കളുമായി സംസ്ഥാന നേതാക്കള്‍ കൂടിക്കാഴ്ച നടത്തണമെന്നും ജില്ലാ തലത്തില്‍ അച്ചടക്ക സമിതി രൂപീകരിക്കണമെന്നും സാംസ്‌കാരിക നേതാക്കളുമായി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തണമെന്നും ഈ പത്തംഗ ഉപസമിതിയുടെ നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച കമ്മറ്റി മുന്നോട്ടുവെക്കുന്ന സുപ്രധാന നിര്‍ദേശം നേതാക്കള്‍ അണികളിലേക്ക് ഇറങ്ങണമെന്നും വാര്‍ഡ് തലത്തിലുള്ള ഭാരവാഹികളുമായി സംസ്ഥാനനേതൃത്വം നേരിട്ട് സംസാരിക്കണമെന്നുമാണ്. ഇതിനായി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വാര്‍ഡ് തല ഭാരവാഹികളെ വിളിച്ചു ചേര്‍ക്കണം. എല്ലാ ജില്ലയിലും പ്രധാനപ്പെട്ട സംസ്ഥാന നേതാക്കള്‍ തന്നെ പങ്കെടുത്ത് നേരിട്ട് ആശയ വിനിമയം നടത്തണം. സംസ്ഥാന നേതൃത്വം മുഴുവന്‍ പങ്കെടുക്കുന്ന പ്രവര്‍ത്തന കണ്‍വെന്‍ഷന്‍ എല്ലാ ജില്ലകളിലും നടത്തണം. സംഘടനക്കകത്ത് ഉയരുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും വേഗത്തില്‍ പരിഹരിക്കണം. ഇതുംകൂടി കണക്കിലെടുത്താണ് ജില്ലാ തലത്തില്‍ അച്ചടക്ക നടപടി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെന്നുമാണ് നിര്‍ദ്ദേശം. പാര്‍ട്ടി നയസമീപനങ്ങളെക്കുറിച്ച് പൊതു അഭിപ്രായ രൂപീകരണത്തിനായി സാംസ്‌കാരിക നേതാക്കളുമായി ചര്‍ച്ച നടത്തല്‍ നിര്‍ബന്ധമാണ്.
മാറുന്നകാലത്ത് പാര്‍ട്ടിയില്‍ വനിതകളുടെ പ്രവര്‍ത്തനം പിന്നോട്ടടിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനായി പ്രത്യേക രൂപ രേഖ ഉണ്ടാക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. ഇനി മുസ്ലിംലീഗ് ഉന്നതാധികാര സമിതിയംഗങ്ങളുമായി ഈ കരട് ചര്‍ച്ച ചെയ്ത് അന്തിമ രൂപമുണ്ടാക്കും. ഇതിന് ശേഷമാകും പ്രവര്‍ത്തക സമിതിക്ക് മുന്നില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക.

 

Sharing is caring!