കോവിഡ് വാക്സിനേഷനില്‍ മലപ്പുറം ജില്ലയ്ക്ക് അഭിമാന നേട്ടം

കോവിഡ് വാക്സിനേഷനില്‍ മലപ്പുറം ജില്ലയ്ക്ക് അഭിമാന നേട്ടം

കോവിഡ് വാക്സിനേഷനില്‍ മലപ്പുറം ജില്ല അഭിമാനകരമായ ഒരു നേട്ടം കൂടി കൈവരിച്ചു. ജില്ലയിലെ മുഴുവന്‍ ആദിവാസി ഊരുകളിലും ആദ്യ ഡോസ് വാക്സിന്‍ വിതരണം പൂര്‍ത്തിയായി. വാക്സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

വിവിധ ആദിവാസി ഊരുകളിലായി 10,209 പേര്‍ക്കാണ് വാക്സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 8,676 പേര്‍ക്ക് ഒന്നാം ഡോസും,1,117 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളും വിതരണം ചെയ്തു. ശേഷിക്കുന്നവര്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് ബാധിതരായവരും മറ്റുകാരണങ്ങളാല്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവരുമാണ്. നേരത്തെ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ അര്‍ഹരായ എല്ലാവര്‍ക്കും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലുള്ള അര്‍ഹരായ വുഴുവന്‍ പേര്‍ക്കും പ്രതിരോധ വാക്സിന്‍ നല്‍കി ജില്ല മികച്ച നേട്ടം കൈവരിച്ചിരുന്നു.

ജില്ലയില്‍ ഇതുവരെ 24,27,962 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് വിതരണം ചെയ്തത്. ഇതില്‍ 18,01,441 പേര്‍ക്ക് ആദ്യ ഡോസും 6,26,521 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് നല്‍കിയത്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കി വരുന്നത്. വാക്സിന്‍ വിതരണം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണെന്നും കോവിഡ് പ്രതിരോധ കുത്തിവെപ്പിനോട് മികച്ച പ്രതികരണമാണ് ജില്ലയില്‍ നിന്നു ലഭിക്കുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

 

Sharing is caring!