മലപ്പുറം കരുളായിയില്‍ കോവിഡ് വാക്‌സിന്‍ ക്യാമ്പിലെത്തിയ വയോധികന് രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചതായി പരാതി

മലപ്പുറം കരുളായിയില്‍ കോവിഡ് വാക്‌സിന്‍ ക്യാമ്പിലെത്തിയ വയോധികന് രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചതായി പരാതി

മലപ്പുറം: കോവിഡ് വാക്സിന്‍ ക്യാമ്പിലെത്തിയ വയോധികന് രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചതായി പരാതി. കരുളായി പുള്ളിയില്‍ സ്‌കൂളില്‍ ഞായറാഴ്ച നടന്ന ക്യാമ്പിലായിരുന്നു സംഭവം. മുക്കത്ത് താമസിക്കുന്ന കരുവാടന്‍ കാസിം (62) ആണ് പരാതിക്കാരന്‍.കാസിം ഭാര്യ നഫീസയ്ക്കൊപ്പം ഉച്ചക്ക് 12ഓടെയാണ് ക്യാമ്പിലെത്തിയത്. ആദ്യമെത്തിയ നഴ്‌സ് ഒരു ഡോസ് വാക്‌സിന്‍ നല്‍കിയെന്നും ഇതറിയാതെ തൊട്ടുപിറകെയെത്തിയ മറ്റൊരു നഴ്‌സ് വീണ്ടും കുത്തിവെച്ചെന്നും കാസിം പറഞ്ഞു. എത്ര തവണ കുത്തിവെക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു
ഭാര്യക്കും വാക്‌സിന്‍ നല്‍കിയ ശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരോട് പോകാന്‍ പറഞ്ഞു. എന്നാല്‍, ഭര്‍ത്താവിന് രണ്ട് തവണ കുത്തിവെച്ചെന്നും തനിക്ക് ഒന്നു മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും നഫീസ പറഞ്ഞപ്പോഴാണ് കാസിമിന് രണ്ട് ഡോസ് നല്‍കിയ കാര്യം ആരോഗ്യ പ്രവര്‍ത്തകരും അറിഞ്ഞത്.</ു>
തുടര്‍ന്ന് അര മണിക്കൂര്‍ നിരീക്ഷണത്തിലിരുത്തിയ ശേഷം ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ തിരിച്ചയച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ അശ്രദ്ധയാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നതെന്നാണ് ആക്ഷേപമുയര്‍ന്നത്. എന്നാല്‍, തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയല്ല ഇരട്ട വാക്‌സിന്‍ നല്‍കാന്‍ കാരണമായതെന്നും വാക്‌സിനെടുത്തിട്ടും കാസിം അവിടെത്തന്നെ ഇരുന്നതാണ് വീണ്ടും കുത്തിവെക്കാന്‍ ഇടയാക്കിയതെന്നും കരുളായി മെഡിക്കല്‍ ഓഫീസര്‍ ഡോ. അനുപമ പറഞ്ഞു.

 

Sharing is caring!