വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ വിരമിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം അനിവാര്യം: മന്ത്രി വി അബ്ദുറഹ്‌മാന്‍

വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ വിരമിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം അനിവാര്യം: മന്ത്രി വി അബ്ദുറഹ്‌മാന്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയും പ്രതിദിന കോവിഡ് രോഗികളുമുള്ള മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആരോഗ്യ മേഖലയിലെ സേവനത്തിന് ശേഷം വിരമിച്ച ഡോക്റ്റര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍മാര്‍ , നഴ്‌സുമാര്‍  തുടങ്ങിയവര്‍ സേവന സന്നദ്ധരായി മുന്നോട്ട് വരണമെന്ന്  ജില്ലയുടെ ചുമതലയുള്ള കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അഭ്യര്‍ത്ഥിച്ചു. പ്രതിദിന രോഗികളുടെ എണ്ണം കൂടുതലാണ് എന്നതിനൊപ്പം  തന്നെ ഗുരുതരാവസ്ഥയിലാവുന്ന രോഗികളുടെയും എണ്ണം കൂടുതലാണ്. ഈ സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും നടത്തുന്ന വാക്‌സിനേഷന്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളുമായും ജനങ്ങള്‍ സഹകരിക്കണം.  മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉറപ്പുവരുത്തുന്നതിനൊപ്പം സമയബന്ധിതമായി പ്രതിരോധ കുത്തിവെപ്പും കൂടി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കൂ. ജില്ലയില്‍ നിലവിലുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് പുറമെ 12 സ്ഥിരം കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുന്നത് ഇതിന്റെ ഭാഗമായാണ്. നിലവില്‍ കോവിഡ് വാക്‌സിനേഷന്‍ നടന്നു കൊണ്ടിരിക്കുന്ന 125 സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 17 സ്വകാര്യ ആശുപത്രികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെയും പുറമെയാണ് ഈ 12 പുതിയ സ്ഥിരം മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ജില്ലയില്‍ സജ്ജീകരിക്കുന്നത്.

ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോട്ടപ്പടി, മലപ്പുറം

ടൗണ്‍ ഹാള്‍, മഞ്ചേരി,

വാഗണ്‍ ട്രാജഡി ഹാള്‍, തിരൂര്‍,

മേലങ്ങാടി ഹൈസ്‌ക്കൂള്‍, കൊണ്ടോട്ടി,

സി വി ഓഡിറ്റോറിയം, ഇന്ത്യനൂര്‍, കോട്ടക്കല്‍,

വ്യാപാര ഭവന്‍, നിലമ്പൂര്‍,

മൂസക്കുട്ടി ബസ് സ്റ്റാന്‍ഡ്, പെരിന്തല്‍മണ്ണ,

സൂപ്പിക്കുട്ടി സ്‌കൂള്‍, നെടുവ,

ഷാദി മഹല്‍ ഓഡിറ്റോറിയം, പൊന്നാനി,

പീവീസ് ഓഡിറ്റോറിയം, താനൂര്‍,

പി.എസ്.എം.ഓ. കോളേജ് തിരൂരങ്ങാടി,

എ.എം.എല്‍.പി. സ്‌കൂള്‍ തൊഴുവാനൂര്‍, കാവുംപുറം.

തുടങ്ങിയവയാണ് ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന  സ്ഥിരം മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍.

ഈ കേന്ദ്രങ്ങളിലും നിലവിലുളള സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും സേവനം ചെയ്യുന്നതിന് ആരോഗ്യ മേഖലയിലെ സേവനത്തിന് ശേഷം വിരമിച്ച ജീവനക്കാര്‍ തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍, അതത് മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ 20,38,804 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ്  കഴിഞ്ഞ ബുധനാഴ്ച വരെ വിതരണം  ചെയ്തത്. ഇന്നലത്തെ കണക്ക് കൂടി ചേര്‍ക്കുമ്പോള്‍ വാക്‌സിന്‍ നല്‍കിയവരുടെ എണ്ണം ഇനിയും കൂടും. ഇതില്‍ 14,59,567 പേര്‍ക്ക് ഒന്നാം ഡോസും 5,79,237 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 18 വയസ്സ് മുകളില്‍ പ്രായമുള്ള 1459567 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 579237 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. അടുത്ത മൂന്ന് ദിവസത്തിനകം ജില്ലയില്‍ രണ്ട് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

Sharing is caring!