ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്കാണെന്ന് ആരും വിചാരിക്കേണ്ടെന്ന് ഫാത്തിമ തെഹ്ലിയ

ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്കാണെന്ന് ആരും വിചാരിക്കേണ്ടെന്ന് ഫാത്തിമ തെഹ്ലിയ

ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്കാണെന്ന് ആരും വിചാരിക്കേണ്ടെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. എം.എസ്.എഫിന്റെ പതിനൊന്ന് ജില്ലാ കമ്മിറ്റികളാണ് ഞങ്ങളോട് ഐക്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്ത് കൊടുത്തത്. അതോടൊപ്പം മുസ്ലിം ലീഗിന്റെ പ്രധാനപ്പെട്ട പല നേതാക്കളും ഞങ്ങളോട് ഐക്യപ്പെട്ട് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.

എം.എസ്എഫില്‍ ഉയരുന്ന രാജിയില്‍ മറുപടി പറയേണ്ടതില്ല. അതിനൊക്കെ നേതൃത്വമാണ് മറുപടി പറയേണ്ടത്. പരാതി പറഞ്ഞവര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ഹരിത നേതാക്കള്‍ പാര്‍ട്ടി വേദിക്ക് പുറത്ത് വിമര്‍ശം ഉയര്‍ത്തിയിട്ടില്ല. പാര്‍ട്ടി നടപടിയില്‍ സങ്കടമുണ്ട്, അത് പാര്‍ട്ടിയെ അറിയിക്കുമെന്നും ഫാത്തിമ പറയുന്നു. ‘ഹരിത’യോട് പാര്‍ട്ടി നീതി കാണിച്ചില്ല. ഹരിതയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങളില്‍ വേദനയും പ്രതിഷേധവുമുണ്ട്. പാര്‍ട്ടിയില്‍ പ്രതീക്ഷ കൈവിടുന്നില്ലെന്നും ഫാത്തിമ തെഹ്ലിയ കൂട്ടിച്ചേര്‍ത്തു.

നിരന്തരമായ പ്രയാസങ്ങള്‍ കാരണമാണ് വനിതാ കമ്മീഷനെ സമീപിച്ചത്. വിഷയം പാര്‍ട്ടിയില്‍ പറഞ്ഞിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും അതില്‍ നടപടിയെടുത്തിരുന്നില്ല. വ്യക്തിഹത്യ ചെയ്ത് ഞങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കരുത്, ഈ പാര്‍ട്ടി സംവിധാനത്തില്‍ വിശ്വാസമുണ്ട്. അതിനാല്‍ നേതൃത്വം പറഞ്ഞ രണ്ടാഴ്ച കാത്തിരിക്കും ഫാത്തിമ തെഹ്ലിയ വ്യക്തമാക്കി. കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മളനത്തിലായിരുന്നു തെഹ്ലിയയുടെ പ്രതികരണം. ഹരിത സംസ്ഥാന കമ്മറ്റി മരവിപ്പിച്ചതിന് പിന്നാലെയായിരുന്നു ഫാത്തിമ തെഹ് ലിയയുടെ വാര്‍ത്താ സമ്മേളനം.

 

Sharing is caring!