ഹരിത പ്രവര്‍ത്തകരുടെ പരാതി; എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

ഹരിത പ്രവര്‍ത്തകരുടെ പരാതി;  എംഎസ്എഫ് നേതാക്കള്‍ക്കെതിരെ  പോലീസ് കേസെടുത്തു

ഹരിതയിലെ പ്രവർത്തകർ ലൈംഗിക അധിക്ഷേപം ഉന്നയിച്ചു കൊണ്ട് നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളയില്‍ പോലീസ് എംഎസ്എഫ് നേതാക്കൾക്കെതിരെ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ, നവാസ്, മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്‍ വഹാബ് എന്നിവർക്കെതിരെയാണ് സ്ത്രീകളോട് ലൈംഗികച്ചുവയോടെ സംസാരിച്ച കുറ്റത്തിന് 354(A) വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

ഹരിതയിലെ നേതാക്കൾ മുസ്ലിം ലീഗ് നേതൃത്വത്തിന് നൽകിയ പരാതിയിൽ യാതൊരു വിധ നടപടിയും എടുക്കാതെ ഹരിത എന്ന വിഭാഗം തന്നെ പിരിച്ചു വിട്ടതിനു തൊട്ടടുത്ത നിമിഷമാണ് പോലീസ് നടപടിയെടുത്തത്. ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് സമർപ്പിച്ച പരാതി പൊലീസിന് കൈമാറുകയും കേസിൽ പരാതി നൽകിയവരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഹരിതയിലെ മുഴുവൻ പ്രവർത്തകരെയും പരസ്യമായി അപമാനിക്കുന്ന രീതിയാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിന്റേതെന്നും, തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ ഇതിലെ വനിതാ നേതാക്കളെ ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും മോശമായി സംസാരിക്കുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. ഹരിതയിലെ നേതാക്കൾ വിവാഹത്തിന് താത്പര്യമില്ലാത്തവരാണെന്നും, കഴിച്ചാൽ തന്നെ കുട്ടികൾ വേണ്ടെന്ന് പറയുന്നവരാണെന്നും തരത്തിലുള്ള മോശമായ പ്രചാരണങ്ങൾ നേതാക്കൾ ചെയ്‌തെന്നും പരാതിയിലുണ്ട്. ഫോൺ വിളിച്ച് അപമാനിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വി അബ്ദുള്‍ വഹാബിനെതിരെ പരാതിയിൽ ആരോപിക്കുന്നത്.

Sharing is caring!